തൃശൂരിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു ടോം വടക്കന്റേത്. പത്തു വര്‍ഷത്തിനിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ് വൃത്തങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണിപ്പോള്‍ ടോം വടക്കന്‍. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയതുതന്നെ തൃശൂര്‍ സീറ്റ് ലക്ഷ്യമിട്ടാണെന്നാണ് വ്യക്തം.
തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി നീക്കിവെച്ച സീറ്റില്‍ കെ.സുരേന്ദ്രനും നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ടോം വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കാനും കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന. 2009ലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ദേശീയ സെക്രട്ടറിയായിരുന്ന ടോം വടക്കന്‍. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറി എന്ന നിലയിലും കാര്യങ്ങള്‍ ദേശീയതലത്തില്‍ കാണാന്‍ കെല്‍പ്പുള്ള ആളെന്ന നിലയിലും വടക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സ്വീകാര്യനാകേണ്ടതായിരുന്നു. സാമുദായിക ഫോര്‍മുലകളും അനുകൂലമായിരുന്നു. പക്ഷേ, രംഗപ്രവേശം പിഴച്ചു.
ദേശീയ സെക്രട്ടറി എന്ന നിലയില്‍ വടക്കന്‍ തൃശൂരിലെത്തിയപ്പോള്‍ ഡിസിസിയെ കാര്യമായി പരിഗണിച്ചില്ല. അതോടെ ഡിസിസി പിണങ്ങി. ദേശീയതലത്തില്‍ സ്വാധീനം ചെലുത്തി തനിക്കു കാര്യങ്ങള്‍ ചെയ്യാനാകുമെന്നു വ്യക്തമാക്കാനായിരുന്നു വടക്കന്‍ തീരുമാനിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാക്കാന്‍വേണ്ടി ഡിസിസി നല്‍കിയ പട്ടികയില്‍നിന്നുള്ളവരെ തഴഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടക്കനെ സ്ഥാനാര്‍ഥിയാക്കില്ലെന്നു ഡിസിസി നേതൃത്വം ഉറപ്പിച്ചത് ഇതിനുശേഷമാണ്. വയലാര്‍ രവിയെ അനുകൂലിക്കുന്നവര്‍ മാത്രമാണു വടക്കനെ തുണച്ചത്. പക്ഷേ, പൂര്‍ണമായും രവിയുടെ ഗ്രൂപ്പുകാരനായി അറിയപ്പെടാന്‍ വടക്കന്‍ ആഗ്രഹിക്കാത്തതിനാല്‍ നിര്‍ണായക ഘട്ടത്തില്‍ ആ ഗ്രൂപ്പും രക്ഷയ്‌ക്ക് എത്തിയില്ല.
പാര്‍ട്ടിക്കു പുറത്തുള്ള പലരുടെയും യോഗങ്ങള്‍ വടക്കന്‍ വിളിച്ചുകൂട്ടിയതും നേതൃത്വത്തെ ചൊടിപ്പിച്ചു. തൃശൂരിന്റെ വികസനംപോലുള്ള അജന്‍ഡകളാണ് ചര്‍ച്ച ചെയ്‌തിരുന്നതെങ്കിലും ലക്ഷ്യം ലോക്‌സഭാ സീറ്റാണെന്നു വ്യക്തമായിരുന്നു. സമാന്തരമായി സാമുദായിക ശക്തിയുടെ നീക്കത്തിനും തുടക്കമിട്ടു. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് സഭ അന്ത്യശാസനം നല്‍കിയെന്നുവരെ വന്നു അന്ന് വാര്‍ത്തകള്‍.
ഡിസിസി പ്രസിഡന്റ് സി.എന്‍.ബാലകൃഷ്‌ണനുമായി പരസ്യമായി വാക്കുതര്‍ക്കം നടത്തിയതും വടക്കന്റെ സ്ഥാനാര്‍ഥിമോഹത്തിനു തിരിച്ചടിയായി. സംസ്ഥാന നേതൃത്വം ഇതോടെ പൂര്‍ണമായും ബാലകൃഷ്‌ണനോടൊപ്പം നിന്നു. അതോടെ എല്ലാം ഉപേക്ഷിച്ച് പിന്‍മാറുകയായിരുന്നു വടക്കന്‍. പാര്‍ട്ടി ജില്ലാ നേതൃത്വത്തെ മറികടക്കാനുള്ള നീക്കമാണു വടക്കനെ കളത്തിനു പുറത്താക്കിയത്. 2009 ഫെബ്രുവരിയില്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള രക്ഷാ മാര്‍ച്ചിനെ ഒറ്റയ്‌ക്കെത്തി ജില്ലയിലേക്കു വരവേറ്റ ടോം വടക്കന്റെ നടപടിയും വിവാദമായി. രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണിന്ന് സ്വന്തം നാട്ടില്‍ സ്ഥാനാര്‍ഥിയായി ടോം വടക്കന്‍ എത്തുമോയെന്ന്.