ന്യൂഡല്‍ഹി: ഹാക്കര്‍മാരെ വെല്ലു വിളിച്ചതിന്റെ പേരില്‍ ഉള്ള ചാര്‍ജും തീര്‍ന്ന് ഓഫായി ഇരിക്കുകയാണ് ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ. ഹാക്കര്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് ആധാര്‍ വെരിഫിക്കേഷനായി നിരന്തരം എത്തുന്ന ഒടിപി സന്ദേശങ്ങളാല്‍ തന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് ശര്‍മ ട്വിറ്ററില്‍ പറയുന്നത്.
സുഹൃത്തുക്കളേ നമുക്ക് വീണ്ടും തുടരാം. ഫോണിലേക്കു വരുന്ന ആധാര്‍ ഒഥന്റിഫിക്കേഷന്‍ റിക്വസ്റ്റുകള്‍ കാരണം ഫോണ്‍ ബാറ്ററി ചാര്‍ജ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് തയാറാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കുക. എന്നായിരുന്നു ശര്‍മയുടെ നിസഹായ ട്വീറ്റ്. അതിനിടെ, ശര്‍മ ചെയ്തതു പോലെ ആരും ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ് സാവ്നി മുന്നറിയിപ്പു നല്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രായ് ചെയര്‍മാനായ ആര്.എസ് ശര്‍മ തന്റെ ആധാര്‍ നന്പര് ട്വിറ്ററിലിട്ട് വെല്ലുവിളി നടത്തിയത്. ശര്‍മയുടെ ബാങ്ക് വിവരങ്ങളും പാന്‍കാര്‍ഡ് നന്പറും ഫോണ്നന്പറും അടക്കം പരസ്യപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ വെല്ലുവിളി പൊളിച്ചടുക്കിയത്. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ശര്‍മ ആധാര്‍ ഉപയോഗിച്ചില്ല ഈ വിവരങ്ങള്‍ ലഭ്യമാക്കിയതെന്നു തര്‍ക്കിച്ചു. അതോടെയാണ് ഹാക്കര്‍ നിരന്തര ശ്രമങ്ങളിലൂടെ ശര്‍മയുടെ ഫോണിന്റെ ചാര്‍ജ് തീര്‍ത്തു കൊടുത്തത്.