ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി രണ്ടാം വട്ടവും അധികാരം പിടിച്ചതിന് പിന്നാലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ചു. മിഷന്‍ 333 എന്ന പേരില്‍ 2024ല്‍ 333 സീറ്റുകള്‍ നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആന്ധ്രപ്രദേശിന്റെ ത്രിപുരയുടേയും ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദ്യോധര്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാകും മിഷന്‍ 333 ലേക്ക് പാതയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി അടുത്ത ഘട്ടത്തില്‍ മുന്നോട്ട് വെക്കുന്നതെന്ന് സുനില്‍ ദ്യോധര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ സംഘടനാ ഘടന ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടി ആരംഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ കര്‍ണാടകയില്‍ 28ല്‍ 26 സീറ്റും തെലങ്കനായില്‍ 17ല്‍ നാല് സീറ്റുകളും നേടാനായ ബിജെപിക്ക് തമിഴ്‌നാട്, കേരള, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഈ അഞ്ചു സംസ്ഥാനങ്ങളില്‍ ബൂത്ത് തലങ്ങളില്‍ പ്രചാരകരെ നിയമിക്കും. ഒരോ സംസ്ഥാനങ്ങളിലും ഉയര്‍ത്തിക്കാട്ടേണ്ട വിഷയങ്ങള്‍ ആര്‍എസ്‌എസുമായി ചേര്‍ന്ന് തീരുമാനിക്കും. ആദ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പിന്നീടാകും സഖ്യങ്ങള്‍ ശക്തിപ്പെടുത്തുകയെന്നും സുനില്‍ ദ്യോധര്‍ വ്യക്തമാക്കി.