ബംഗാളില്‍ ബിജെപിലേക്ക് കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എംഎല്‍എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 50 കൗണ്‍സിലര്‍മാരും ബിജെപിയിലെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയും ബംഗാളിലെ ബിജെപി. നേതാവ് മുകുള്‍ റോയിയും ചേര്‍ന്നാണ് തൃണമൂല്‍ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷു റോയി, തുഷാര്‍കാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയിലെത്തിയ തൃണമൂല്‍ എംഎല്‍എമാര്‍. ദേബേന്ദ്ര റോയി ആണ് സിപിഎമ്മില്‍ നിന്നെത്തിയ എംഎല്‍എ. മുകുള്‍ റോയി നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
`ലോക്‌സഭാ തിരഞ്ഞെടുപ്പ് ബംഗാളില്‍ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ ബിജെപിലേക്കുള്ള വരവും ഏഴു ഘട്ടങ്ങളായി നടക്കും. ഇത് ഒന്നാംഘട്ടം മാത്രമാണ്. ഭാവിയില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിലേക്ക് ചേക്കേറും`, ബംഗാളിന്റെ ചാര്‍ജുള്ള മുതിര്‍ന്ന ബിജെപി നേതാവ് കൈലാശ് വിജയവര്‍ഗിയ പറഞ്ഞു.
2017 ലാണ് മുകുള്‍ റോയി മമതയുമായി പിരിഞ്ഞ് ബിജെപിലേക്ക് പോകുന്നത്. മുകുള്‍ റോയിയെ പിന്തുണച്ച് ആറ് തൃണമൂല്‍ നോതാക്കളും ബിജെപിയിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴും മുകുളിന്റെ മകന്‍ സുബ്രാന്‍ഷു തൃണമൂലില്‍ തുടര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതോടെ സുബ്രാന്‍ഷുവും അച്ഛന്റെ പാത പിന്‍തുടരുകയായിരുന്നു.