അഗര്‍ത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണിയോടെയാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഉച്ചക്കു മുന്‍പായി മൂന്നിടത്തെയും ഫലം സംബന്ധിച്ച സമ്പൂര്‍ണ ചിത്രം ലഭിക്കും.
എക്‌സിറ്റ് പോളുകള്‍ തങ്ങള്‍ക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്നു സംസ്ഥാനങ്ങളിലും ബിജെപി. എന്നാല്‍ ത്രിപുരയില്‍ ഭരണം നിലനിര്‍ത്തുമെന്ന് സിപിഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു.
മുന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വോട്ടിംഗ് ശതമാനം നന്നേ കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നു. ഇത് ഏറെ ഗുണം ചെയ്തുവെന്നാണ് ബി.ജെ.പി കരുതുന്നത്. മാറ്റത്തിന് തയ്യാറാവൂ എന്ന തങ്ങളുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തതായി ബി.ജെ.പി ത്രിപുര യൂണിറ്റ് പ്രസിഡന്റ് ബിപ്ലബ് കുമാര്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പി ഇത്തവണ ഭരണത്തിലേറുമെന്ന് ബിപ്ലബ് അവകാശപ്പെട്ടു.