ന്യൂഡൽഹി∙ രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അദ്ഭുതങ്ങൾ ആവർത്തിച്ച് ബിജെപി. കാൽ നൂറ്റാണ്ടോളം ‘ചെങ്കോട്ട’യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന, പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപിയാണ് നാൽപതോളം സീറ്റുകളുമായി ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഭാവം ത്രിപുരയിലെ ജനം ഇക്കുറി കണക്കിലെടുത്തില്ല എന്നാണു തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാലു മണിക്കൂർ തികയുമ്പോൾ കാവിച്ചുഴലിയായി സിപിഎമ്മിന്റെ സ്ഥിരം മണ്ഡലങ്ങൾക്കു മേൽ വീശുകയാണ് ബിജെപി. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റും പിന്നിട്ടാണു ബിജെപിയുടെ കുതിപ്പ്. രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ത്രിപുരയിൽ ആദ്യമിനിറ്റു മുതലേ സിപിഎമ്മിനെ വിറപ്പിച്ചാണു ബിജെപി മുന്നേറ്റം. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28 ൽ നിന്നു 17 സീറ്റിലേക്ക് ഇടതുപക്ഷത്തിന്റെ സീറ്റുകൾ കൂപ്പുകുത്തുന്ന കാഴ്ചയാണുളളത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഏതാനും സീറ്റിൽ സാന്നിധ്യമറിയിച്ച കോൺഗ്രസ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ ‘സംപൂജ്യ’രായി.
ആദ്യ ഘട്ടത്തില്‍ ലീഡ് നില മാറി മറിഞ്ഞിരുന്നുവെങ്കിലും വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം. 2013 ല്‍ പത്ത് സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.
കഴിഞ്ഞ തവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്.