നിലവില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും ഇത് സ്വകാര്യ ഏജന്‍സിക്ക് കൈമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കേരളത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സി ദിവാകരന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. അതിനാല്‍ സ്വകാര്യവത്‌കരണ നടപടികള്‍ നിര്‍ത്തിവെച്ച് നടത്തിപ്പ് ചുമതല സംസ്ഥാനത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും കത്തയച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ നിലവിലുള്ള സംവിധാനം തുടരുകയോ ചെയ്യാനാവശ്യമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കും. 1932ല്‍ സ്ഥാപിച്ച, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്‌ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിരോധിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.