വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായി യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്‍ത്തിയായി.
അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് പറഞ്ഞ ജോ ബൈഡന്‍, കോവിഡ് വാക്‌സീനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്‌ദാനങ്ങള്‍ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.
ട്രംപിനെ നുണയനെന്ന് മുദ്രകുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്തെത്തിയതോടെയാണ് യുഎസിലെ ആദ്യ സ്ഥാനാര്‍ഥി സംവാദം ചൂടേറിയതായി മാറിയത്.. വാഗ്വാദത്തിന്റെ ഒരു ഘട്ടത്തില്‍ 'നിങ്ങള്‍ വായ തുറക്കരുത്' എന്ന് ബൈഡന്‍ ട്രംപിനു താക്കീതു നല്‍കി.
ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത് മുഴുവന്‍ കള്ളമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നു ബൈഡന്‍ പറഞ്ഞു. അതു തിരുത്താനല്ല ഞാന്‍ വന്നിരിക്കുന്നത്. ട്രംപ് നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് അമേരിക്കക്കാരെ കൂടുതല്‍ ദുര്‍ബലരും ദരിദ്രരും ആക്കിയെന്നു ബൈഡന്‍ കുറ്റപ്പെടുത്തി. സംവാദത്തിന്റെ തുടക്കം മുതല്‍ തന്നെ ഇരുവരും പരസ്‌പരം തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ ചര്‍ച്ച ബഹളമയമായിരുന്നു.
സംവാദത്തിന് തൊട്ടുമുമ്പ് നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണം പുറത്തായത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിനു ഡോളറാണ് താന്‍ നികുതി അടയ്‌ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ് ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. ഇതു വ്യാജവാര്‍ത്തയാണെന്ന് ട്രംപ് പറഞ്ഞു.
രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പുള്ള പത്തുവര്‍ഷം ട്രംപ് വന്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് രേഖകള്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ് നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തുതന്നെ സജീവമായിരുന്നു.
കക്ഷി രാഷ്ട്രീയമില്ലാത്ത വോട്ടര്‍മാര്‍ക്കും രാജ്യത്തെ നയിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന് തീരുമാനമെടുക്കാന്‍ മാര്‍ഗമൊരുക്കുന്നതാണ് സ്ഥാനാര്‍ഥി സംവാദം.