വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. അമേരിക്കന്‍ ചാരസംഘടനായ സി.ഐ.എയുടെ തലവന്‍ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. ജിന ഹാസ്‌പെല്‍ സി.ഐ.എയുടെ പുതിയ ഡയറക്ടറാകും.
സി.ഐ.എ ഡയറക്ടര്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാവും ജിന ഹാസ്‌പെല്‍. നിലവില്‍ സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറാണ് അവര്‍.കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ട്രംപും ടില്ലേഴ്‌സനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതുമുതല്‍ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡന്റുമായുള്ള ഭിന്നതയെത്തുടർന്ന് ടില്ലേഴ്സന്‍ രാജിവയ്ക്കുകയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് ട്രംപും വിദേശകാര്യ സെക്രട്ടറിയും തള്ളി. പെന്റഗണില്‍ നടന്ന യോഗത്തില്‍ ടില്ലേഴ്സന്‍ ട്രംപിനെ ബുദ്ധിശൂന്യനെന്ന് വിശേഷിപ്പിച്ചെന്നും ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്നും എന്‍ബിസി ചാനലാണ് അന്ന് റിപ്പോർട്ട് ചെയ്തത്.