വാഷിംഗ്ടണ്‍: അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാരുടെ കുടുംബങ്ങളിലെ കുട്ടികളെ വേര്‍തിരിച്ചു പ്രത്യേക ക്യാന്പുകളില്‍ പാര്‍പ്പിക്കുന്ന വിവാദ ഉത്തരവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. നയത്തിനെതിരേ ലോക വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണു നയം മാറ്റാന്‍ ട്രംപ് തയാറായത്. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.
കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനൊപ്പം യുഎസ് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഓവല്‍ ഓഫീസില്‍ ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു. കുടുംബങ്ങളെ വേര്‍പിരിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി സഭയില്‍ വ്യാഴാഴ്ച ഇമിഗ്രേഷന്‍ ബില്ലില്‍ വോട്ടെടുപ്പു നടത്താനിരിക്കേയാണു ട്രംപ് ഉത്തരവില്‍നിന്നു നാടകീയമായി പിന്മാറിയത്. ഇതോടെ അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫെഡറല്‍ കസ്റ്റഡിയില്‍ കുടുംബത്തോടൊത്തു കഴിയാം.
അനധികൃത കുടിയേറ്റം പൂര്‍ണമായി തടയുക എന്ന ലക്ഷ്യത്തോടെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് കഴിഞ്ഞമാസം കൊണ്ടുവന്ന നയമാണ് പ്രതിസന്ധിക്കു കാരണമായത്. അനധികൃതമായി അതിര്‍ത്തികടന്ന് യുഎസില്‍ പ്രവേശിക്കുന്ന മുതിര്‍ന്നവരെ കൈയോടെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ടു ചെയ്യാനാണ് സെഷന്‍സ് ഉത്തരവിട്ടത്. കുടുംബമായി എത്തുന്നവരുടെ കുട്ടികളെ വേര്‍തിരിച്ചു പ്രത്യേക സെല്ലില്‍ അടയ്ക്കും. ഈ നയ പ്രകാരം നഴ്സറിക്കുട്ടികളടക്കം രണ്ടായിരത്തോളം മൈനര്‍മാരെ മാതാപിതാക്കളില്‍ നിന്നകറ്റി പ്രത്യേക കൂടാര ക്യാന്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കുട്ടികള്‍ എവിടെയെന്ന് അറിയാതെ വേദനിക്കുന്ന മാതാപിതാക്കളുടെയും മാതാപിതാക്കളെ കാണാതെ കരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും ദൈന്യതയാര്‍ന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ലോകമാസകലം ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ രോഷമുയര്‍ന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, ട്രംപിന്റെ ഭാര്യ മെലാനിയ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ നയത്തെ അപലപിച്ചു.