തൃശൂര്‍ തൃപ്രയാറിലെ യൂത്ത് കോണ്‍ഗ്രസിന്റെ ചാണക വെള്ള പ്രയോഗം വിവാദമായിരിക്കുകയാണ്. ഇത് ജാതീയ അധിക്ഷേപമാണെന്ന് ഒരു വിഭാഗവും, എം എല്‍ എ നടത്തിയ സമരം പ്രഹസനമാണെന്ന് കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് സമരക്കാരും പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി സിവില്‍ സ്‌റ്റേഷനു മുന്നില്‍ സമരം ചെയ്‌ത ഗീതാ ഗോപി എം എല്‍ എ ഇരുന്നയിടം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ചാണക വെള്ളം തളിച്ച് `ശുദ്ധി' വരുത്തിയതിനെക്കുറിച്ചാണ് വിവാദം. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് എം എല്‍ എ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
സി പി ഐ. എം എല്‍ എയായ ഗീതാ ഗോപി ദളിത് സമുദായാംഗം കൂടിയാണെന്നതാണ് വിവാദത്തിനു വഴിയൊരുക്കിയത്. കാലങ്ങളായി ശോചനീയാവസ്ഥയില്‍ കിടന്നിരുന്ന ചേര്‍പ്പ് തൃപ്രയാര്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കണമെന്നാവശ്യപ്പെട്ടാണ് ഗീതാ ഗോപി എം എല്‍ എ സിവില്‍ സ്‌റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. അടുത്തിടെ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഗീതാ ഗോപി എം എല്‍ എയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് സിവില്‍ സ്‌റ്റേഷനു മുമ്പിലുള്ള എം എല്‍ എയുടെ സമരം. ഇത് ഫലം കാണുകയും ചെയ്‌തു. റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ മരാമത്ത് വകുപ്പ് അധികൃതര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായുള്ള റോഡിന്റെ ശോച്യാവസ്ഥ ഇക്കാലമത്രയും പരിഹരിക്കാതെ പോയത് എം എല്‍ എയുടെ വീഴ്‌ച മൂലമാണ്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള എം എല്‍ എയുടെ തന്ത്രമായിരുന്നു സിവില്‍ സ്‌റ്റേഷനിലെ കുത്തിയിരിപ്പ് സമരമെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എ എല്‍ എക്ക് ഒരു ഫോണ്‍ വിളിയിലൂടെ പരിഹരിക്കാമായിരുന്ന വിഷയത്തില്‍ സമരത്തിനിറങ്ങിയത് കേവലം രാഷ്ട്രീയ നാടകമായിരുന്നുവെന്ന് തുറന്നു കാണിക്കാനാണ് ചാണക വെള്ള പ്രയോഗമെന്നും ഇതില്‍ ജാതീയ പ്രശ്‌നമില്ലെന്നുമാണ് അവരുടെ വിശദീകരണം. ചാണക വെള്ളം അശുദ്ധിയൊഴിവാക്കുമെന്നും അതുപയോഗിക്കുന്നത് ജാതീയമായ അധിക്ഷേപമാണെന്നും നിയമത്തില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ? ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.