സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് തൃപ്‌തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങി. ഇപ്പോള്‍ മടങ്ങുന്നുവെന്നും ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്നും തൃപ്‌തി പറഞ്ഞു. ദര്‍ശനത്തിനു ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.
രാവിലെ ശബരിമലയില്‍ പോകാന്‍ തൃപ്‌തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ മടങ്ങിപ്പോകാമെന്നു തൃപ്‌തി ദേശായി നിലപാട് എടുത്തിരുന്നു. രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങുമെന്ന് അറിയച്ചതിനെ തുടര്‍ന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പിന്നീട് പൊലീസുമായി നടത്തി അവസാനവട്ട ചര്‍ച്ചയിലാണ് മടങ്ങിപോകാന്‍ തീരുമാനിച്ചത്.
മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി തൃപ്‌തി ദേശായിയോട് ആവശ്യപ്പെട്ടിരുന്നു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി. പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്‌തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മിഷണര്‍ ഓഫിസില്‍ കാത്തിരിക്കുന്നതെന്നും തൃപ്‌തി പറഞ്ഞു.
തൃപ്‌തിയും ഭൂമാതാബ്രിഗേഡിലെ മറ്റ് അംഗങ്ങളും നെടുമ്പാശേരിയിലെത്തിയത് പുലര്‍ച്ചെയാണ്.സ്‌ത്രീ പ്രവേശനത്തിന് സ്‌റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതി നല്‍കേണ്ടിവരുമെന്നും തൃപ്‌തി ദേശായി പറഞ്ഞിരുന്നു. കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ ഹിന്ദു സംഘടനകളുടെ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.