കൊച്ചി> ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനെ മാറ്റിയതായി സൂചന. സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്‌ണനെതിരെ സീരിയലിലെ പ്രധാന കഥാപാത്രമായ നിഷാ സാംരഗ് പരസ്യമായി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് മാറ്റുന്നത്. ആ സംവിധായകന്റെ കീഴില്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്നും നിഷ വ്യക്‌തമാക്കിയിരുന്നു.
സംവിധായകന്‍ മോശമായി പെരുമാറിയെന്നും മൂന്നുവര്‍ഷമായുള്ള സീരിയലിന്റെ തുടക്കംമുതലെ മോശം പെരുമാറ്റമാണ് സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും നിഷ പറഞ്ഞിരുന്നു. മോശം മെസേജുകള്‍ അയക്കുകയും മോശമായി പെരുമാറുകയും ചെയ്‌തപ്പോള്‍ താക്കീത് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പിന്നീട് സംവിധായകന്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയായിരുന്നു. സാമ്ബത്തിക പ്രയാസങ്ങള്‍ കാരണമാണ് പിടിച്ചുനിന്നത്. അടുത്തിടെ ചാനലിന്റെ അനുമതിയോടെ അമേരിക്കയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ സീരിയലില്‍നിന്ന് പുറത്താക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്. അവസാന എപ്പിസോഡുകളില്‍ അഭിനയിപ്പിക്കാതെ മാറ്റി നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്. എന്നാല്‍ നിഷ തന്നെ തുടര്‍ന്നും ആ സീരിയലില്‍ അഭിനയിക്കുമെന്ന് ചാനല്‍ അറിയിച്ചു.
അതേസമയം ആ ഉണ്ണികൃഷ്‌ണനെതിരെ നടി രചനാ നാരായണന്‍കുട്ടിയും രംഗത്തെത്തി. മഴവില്‍ മനോരമ ചാനലില്‍ മറിമായം സീരിയലിന്റെ സംവിധായകനായിരിക്കെ അതിലഭിനയിച്ചിരുന്ന രചനയോട് മോശമായാണ് ഇയാള്‍ പെരുമാറിയിരുന്നത്. . സംവിധായകന്റെ ഈഗോയുടെ ഇരയാണ് താനെന്നും രചന പറഞ്ഞു. രചന സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ സംവിധായകന്‍ ഈഗോ കൂടി. സീരിയലില്‍നിന്ന് രചനയേയും വിനോദ് കോവൂരിനേയും പുറത്താക്കിയെന്നും രചന പറഞ്ഞു. നിലവില്‍ എ എം എം എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രചനാ നാരായണന്‍ കുട്ടി. നിഷ യെ വിളിക്കുകയും എഎംഎംഎയുടെ പിന്തുണയറിക്കുകയും ചെയ്‌തു.
നിഷക്ക് പിന്തുണയുമായി വുമന്‍ ഇന്‍ സിനിമാ കലക്‌ടീവ് ആണ് ആദ്യമെത്തിയത്. വനിതാ കമ്മീഷനും പിന്തുണ അറിയിച്ചു. താരസംഘടനയായ എഎംഎംഎയില്‍ അംഗമായ നിഷയ്‌ക്ക് പ്രസിഡന്റ് മോഹന്‍ലാലും പിന്തുണ അറിയിച്ചു.
മോശം പെരുമാറ്റത്തിന് മഴവില്‍ മനോരമയില്‍നിന്ന് ആര്‍ ഉണ്ണികൃഷ്‌ണനെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ഫ്‌ളവേഴ്‌സില്‍ എത്തുന്നത്.