ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെയും നിര്‍മാതാവ് കരിം മൊറാനിയെയും കൊല്ലാന്‍ പദ്ധതിയിട്ട കുറ്റവാളിയെ യുഎസ് ഇന്ത്യക്കു കൈമാറി. വധശ്രമം ഉള്‍പ്പെടെ നിരവധി കൃറ്റകൃത്യങ്ങളില്‍ പ്രതിയായ ഉബൈദുള്ള അബ്ദുള്‍ റാഷിദ് റേഡിയോവാല എന്ന ഒബെദ് റേഡിയോവാലയെയാണ് യുഎസ് ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറിയത്. 2014ലാണ് റേഡിയോവാല ബോളിവുഡിലെ പ്രമുഖരായ മഹേഷ് ഭട്ടിനെയും കരിം മൊറാനിയെയും വധിക്കാന്‍ പദ്ധതി തയാറാക്കിയത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും പൂജ ഭട്ടിന്റെയും പിതാവാണ് മഹേഷ് ഭട്ട്. എന്നാല്‍ പദ്ധതി പൊളിഞ്ഞതോടെ ഇയാള്‍ യുഎസിലേക്കു കടന്നു. ഇയാള്‍ക്കെതിരേ സിബിഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 2017 സെപ്‌റ്റംബറിലാണ് റേഡിയോവാല യുഎസിലെ ന്യൂജഴ്‌സിയില്‍ പിടിയിലാകുന്നത്. അനധികൃതമായി യുഎസില്‍ കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയാണെന്ന് അധികൃതര്‍ക്കു സൂചന ലഭിക്കുന്നത്. ഇതേതുടര്‍ന്ന് റേഡിയോവാലയെ ഇന്ത്യക്കു തന്നെ കൈമാറാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.