• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മഹാരാഷ്ട്രയില്‍ ഇനി മഹാസഖ്യം; ഉദ്ധവ്‌ താക്കറെ അധികാരത്തിലേക്ക്‌

മഹാരാഷ്ട്രയില്‍ ഇനി മഹാസഖ്യത്തിന്റെ സര്‍ക്കാരിന്‌ ഊഴമാകുന്നു. ഉദ്ധവ്‌ താക്കറെയെ സേന എന്‍സിപി കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കളുടെ (മഹാ വികാസ്‌ അഘാഡി) സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കും. ഇതിനായി ശിവസേന എന്‍സിപികോണ്‍ഗ്രസ്‌ സംയുക്ത നിയമസഭാകക്ഷിയോഗം ചേരും.

ഉദ്ധവ്‌ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നു ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവുത്ത്‌ വ്യക്തമാക്കി. 5 വര്‍ഷവും ഉദ്ധവ്‌ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. മഹാ വികാസ്‌ അഘാഡി യോഗത്തിനു ശേഷമാകും പ്രഖ്യാപനം. രണ്ട്‌ ഉപമുഖ്യമന്ത്രിമാര്‍ക്ക്‌ സാധ്യത. ജയന്ത്‌ പാട്ടീല്‍ (എന്‍സിപി), ബാലാസാഹെബ്‌ തോറാട്ട്‌ (കോണ്‍ഗ്രസ്‌) എന്നിവര്‍ക്കാണു മുന്‍തൂക്കം. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന അധ്യക്ഷന്‍മാരാണ്‌ പാട്ടീലും തോറാട്ടും.

സത്യപ്രതിജ്ഞ ചെയ്‌ത്‌ നാലാം ദിവസമാണ്‌ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രാജിവച്ചത്‌. മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ!്‌നാവിസും ഉപമുഖ്യമന്ത്രി അജിത്‌ പവാറും ചൊവ്വാഴ്‌ച രാജിവച്ചു . ഇതോടെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രിയാകുമെന്ന്‌ ഉറപ്പായി. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന്‌ സമ്മതിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ രാജി പ്രഖ്യാപിച്ചത്‌.

സര്‍ക്കാര്‍ നാളെ വൈകിട്ട്‌ അഞ്ചുമണിക്കു മുന്‍പ്‌ വിശ്വാസവോട്ട്‌ നേടണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ്‌ ഫ!ഡ്‌നാവിസിന്റെ നാടകീയമായ പടിയിറക്കം. ബിജെപി പ്രതിപക്ഷമായി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന്‌ ഫഡ്‌നാവിസ്‌ പറഞ്ഞു. അധികാരത്തിലേറാനുള്ള ജനവിധി ലഭിച്ചത്‌ ബിജെപിക്കാണ്‌. എന്നാല്‍ ശിവസേന അത്‌ അട്ടിമറിച്ചു ഫഡ്‌നാവിസ്‌ പറഞ്ഞു.

അജിത്‌ പവാര്‍ പിന്തുണ ഉറപ്പുനല്‍കിയപ്പോഴാണ്‌ സര്‍ക്കാരുണ്ടാക്കാന്‍ തുനിഞ്ഞതെന്നും ഫഡ്‌്‌നാവിസ്‌ വ്യക്തമാക്കി. ത്രികക്ഷി സര്‍ക്കാര്‍ വന്നാലും അത്‌ സ്വയം നശിക്കുമെന്നും ഫഡ്‌നാവിസ്‌ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്‌ത്‌ എണ്‍പത്‌ മണിക്കൂര്‍ പിന്നിടുമ്പോഴാണ്‌ രാജി. ശനിയാഴ്‌ച രാവിലെ എട്ടുമണിക്കാണ്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌

Top