യുഡിഎഫിന്റെ സീറ്റുവിഭജനചര്‍ച്ച അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും സജീവമായി. നാല്‍പതംഗ കമ്മിറ്റി തിരുവനന്തപുരത്ത് ചേരും. ആദ്യഘട്ട പട്ടിക അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാനാണ് ആലോചന. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായേക്കും.
അതിന് മുന്‍പ് ഉറപ്പായ സീറ്റിലെങ്കിലും ധാരണയിലെത്താനാണു ശ്രമം. കെപിസിസി നേതൃത്വത്തിനോ, ഗ്രൂപ്പ് നേതൃത്വത്തിനോ ഇത്തവണ ഒറ്റയ്‌ക്ക് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാകില്ല. ഓരോ മണ്ഡലത്തിലും ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേഫലം കൂടി പരിഗണിക്കേണ്ടിവരും. എങ്കിലും കാര്യമായ തര്‍ക്കങ്ങളില്ലാത്ത സിറ്റിങ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയെങ്കിലും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.
തിരുവനന്തപുരത്ത് അരുവിക്കരയില്‍ കെ.എസ്. ശബരിനാഥിന്റേയും കോവളത്ത് എം.വിന്‍സെന്റിന്റേയും സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ശബരിനാഥന്റ പേര് ഐശ്വര്യകേരളയാത്രയില്‍ രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്‌തു. വട്ടിയൂര്‍ക്കാവ്, നേമം തുടങ്ങി ത്രികോണ മല്‍സരങ്ങള്‍ നടക്കുന്നയിടങ്ങളില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുന്നു.
ഐശ്വര്യകേരളയാത്ര സമാപിച്ചതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കും വേഗം കൂടി. മുസ്ലീംലീഗിന് മൂന്ന് സീറ്റ് അധികമായി നല്‍കാന്‍ ഏറെക്കുറെ ധാരണയായി. കേരള കോണ്‍ഗ്രസ് ജോസഫുമായുള്ള ചര്‍ച്ച കൂടി തീര്‍ന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസിന് കടക്കാം.