ഭീകരവാദത്തിനെതിരെ ആഗോള കൂട്ടായ്‌മ രൂപപ്പെടണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎന്നും വിവിധ രാഷ്ട്ര കൂട്ടായ്‌മകളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മോസ്‌കോ കേന്ദ്രമായുള്ള, 10 രാജ്യങ്ങളുടെ കൂട്ടായ്‌മയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സ് (സിഐഎസ്), മോസ്‌കോ കേന്ദ്രമായുള്ള ആറു രാജ്യങ്ങളുടെ കൂട്ടായ്‌മയായ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ (സിഎസ്‌ടിഒ), ബെയ്‌ജിങ് കേന്ദ്രമായുള്ള ഷാങ്‌ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) എന്നിവയും യുഎന്നും തമ്മിലുള്ള സഹകരണത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇന്ത്യ എസ്‌സിഒയിലെ അംഗമാണ്.
ഇത്തവണത്തെ യുഎന്‍ പൊതുസഭയില്‍ വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സുപ്രധാന വിഷയങ്ങളിലൊന്നാണ് ഭീകരവാദം. രക്ഷാസമിതിയിലെ ചര്‍ച്ച ഈ പശ്ചാത്തലത്തിലാണ് നടന്നത്.