നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ ഭാരവാഹികള്‍ക്കെതിരായ അഴിമതി ആരോപണം ശരിയല്ലെന്ന് തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി സത്യന്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ പുതിയ സംഘത്തെ അന്വേഷണം ഏല്‍പിച്ചു.
തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.സുദര്‍ശനന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സംഘടനയുടെ വരവു ചെലവു കണക്കുകള്‍ പരിശോധിച്ചു. ഭാരവാഹികളുടെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. ഇവയുടെ അടിസ്ഥാനത്തില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണു യുഎന്‍എയുടെ തീരുമാനം. സംഘടനയുടെ ഭാരവാഹികളെ മനപൂര്‍വം കുടുക്കാനാണു പുതിയ സംഘത്തെ അന്വേഷണം ഏല്‍പിച്ചതെന്നു യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചു. നിഷ്‌പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു യുഎന്‍എ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.