ന്യൂസീലൻഡ് ∙ അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ചരിത്രം കുറിച്ചു. 216 റൺസിന് ഓസീസിനെ ചുരുക്കിക്കെട്ടിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ചുണക്കുട്ടികൾ 38.5 ഓവറിൽ വെറും രണ്ടു വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു.
സ്കോർ: ഓസ്ട്രേലിയ 47.2 ഓവറിൽ 216, ഇന്ത്യ 38.5 ഓവറിൽ 220
അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. മുഹമ്മദ് കൈഫ്, വിരാട് കോലി, ഉന്മുക്ത ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയത്. 2016ലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. പക്ഷേ കലാശപ്പോരാട്ടത്തില്‍ വിന്‍ഡീസിന് മുന്നില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അച്ചടക്കത്തോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഇടയ്ക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചുപിടിക്കുകയായിരുന്നു.