• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഗ്രീന്‍ കാര്‍ഡ്‌ ലഭിക്കാന്‍ ഇന്ത്യാക്കാര്‍ 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ താമസമാക്കി ജോലി ചെയ്യുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അഡ്വാന്‍സ്ഡ് ഡിഗ്രികളുള്ള ഇന്ത്യാക്കാര്‍ 150 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് യു.എസിലെ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്. ഗ്രീന്‍ കാര്‍ഡിനുള്ള നിയമം മാറിയില്ലെങ്കില്‍ ഇവരുടെ ജീവിതകാലത്ത് അത് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാണ്ട് നാല് ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഗ്രീന്‍ കാ‌ര്‍ഡിനായി കാത്തിരിക്കുന്നത്. 2018 ഏപ്രില്‍ 20 വരെയുള്ള കണക്ക് അനുസരിച്ച്‌ 6.32 ലക്ഷം ഇന്ത്യാക്കാരും അവരുടെ ഭാര്യമാരും മക്കളുമാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്. കാറ്റോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 34,​824 ഇന്ത്യാക്കാരുടെ അപേക്ഷകളാണ് ഗ്രീന്‍ കാര്‍ഡിനുള്ള ഇബി-1 വിഭാഗത്തിലുള്ളത്. അവരുടെ ഭാര്യമാരും ഭര്‍ത്താക്കന്മാരും അടക്കം 48,​754 പേര്‍ കൂടി ചേരുന്നതോടെ ഇത് 83,​578 ആയി ഉയരും.

അതേസമയം,​ ഇബി- 3 വിഭാഗത്തില്‍പെടുന്ന ബിരുദധാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 20 വരെയുള്ള കണക്ക് അനുസരിച്ച്‌ 54,​892 ഇന്ത്യാക്കാരാണ് ഈ വിഭാഗത്തിലള്ളത്. ഇവരുടെ ഭാര്യമാരോ,​ ഭര്‍ത്താക്കന്മാരോ,​ കുട്ടികളോ കൂടി ചേരുന്പോള്‍ ഇബി -3 കാറ്റഗറിയിലെ എണ്ണം 1,​15,​273 ആയി ഉയരും. അതേസമയം അഡ്വാന്‍സ്ഡ‌് ഡിഗ്രിയുള്ള ഇബി-2 കാറ്റഗറിയില്‍ 2.16 ലക്ഷം പേരാണ് ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നത്. ഭാര്യയും മക്കളുമടങ്ങുന്നവരെ കൂടി കണക്കിലെടുക്കുന്പോള്‍ ഇത് 4.33 ലക്ഷമായി ഉയരും. വിദേശ രാജ്യങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് ഏഴ് ശതമാനമായി നിലനിറുത്തുന്നത് കൊണ്ടാണിത്.

Top