തിരുവനന്തപുരം: സ്ത്രീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്നിധാനത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്ബതിന് പമ്ബയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
രണ്ടുമാസം മുമ്ബ് ശബരിമല സന്ദര്‍ശിച്ചപ്പോള്‍ പ്രളയകെടുതികളില്‍ നിന്ന് മുക്തമായിട്ടില്ലായിരുന്നെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്ന അവസ്ഥയായിരുന്നു അന്ന് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്ബായി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാനുണ്ടെന്ന് അന്ന് താന്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും നിലവില്‍ മെച്ചപ്പെട്ട സൗകര്യങ്ങളല്ല തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നതെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും കണ്ണന്താനം വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് അദ്ദേഹം മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി ഞാന്‍ മനസിലാക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തി നിന്ദ്യവും അപലപനീയവുമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഭക്തജനങ്ങള്‍ പവിത്രമായി കരുത്തുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ് ആജീവനാന്തമല്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.