ഹ്യൂസ്റ്റണ്‍: പതിനഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച യുണൈറ്റഡ് ക്രിസ്ത്യന്‍ മിനിസ്ട്രിയുടെയും പതിനാല് വര്‍ഷം പിന്നീടുന്ന ഇന്റര്‍നാഷ്ണല്‍ പ്രയര്‍ ലൈനിന്റെയും നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച സുവനീര്‍ മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
സാമൂഹ്യവും ക്രിസ്തീയപരവും ആയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ടെക്‌സാസിലെ ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി 2003 മുതല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ മിനിസ്ട്രി. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന മുന്‍ ട്രഷറാര്‍ ആയ ടി.എ.മാത്യു(ഹ്യൂസ്റ്റണ്‍) ആണ് സംഘടനയുടെ ഫൗണ്ടര്‍ പ്രസിഡന്റ്.
പ്രസ്തുത സംഘടനയുടെ കീഴില്‍ എല്ലാ സഭാവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഒന്നിച്ച് പ്രാര്‍ത്ഥിക്കുവാനായി ഓണ്‍ലൈനിലൂടെ എല്ലാ ചൊവ്വാഴ്ച്ചയും ന്യൂയോര്‍ക്ക് സമയം വൈകീട്ട് ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ഒരു പ്രാര്‍ത്ഥനായജ്ഞമാണ് ഇന്റര്‍ നാഷ്ണല്‍ പ്രയര്‍ ലൈന്‍ യു.എസ്.എ.യിലൂടെ കഴിഞ്ഞ പതിനാല് വര്‍ഷമായി നിര്‍വഹിച്ചുക്കൊണ്ടിരിക്കുന്നത്. മാര്‍ത്തോമ്മ സഭാതാരകയുടെ മുന്‍ മാനേജിംഗ് കമ്മിറ്റി അംഗമായ സി.വി.സാമുവേല്‍(ഡിട്രോയിറ്റ്) ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിവിധ സഭകളില്‍പ്പെട്ട ആത്മീക നേതാക്കള്‍ ഇതിലൂടെ വചനദൂത് നല്‍കുന്നു.
പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ നൂറ്റിഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ കറ്റാനം സെന്റ് തോമസ് മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നൂറ്റിഒന്ന് പേര്‍ക്ക് തിമിര ശസ്ത്രക്രിയയും, നൂറ്റിഒന്ന് പേര്‍ക്ക് കിഡ്‌നി ഡയാലിസിസും സൗജന്യമായി നടത്തികൊടുത്തത് സംഘടനയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയത്തക്കതാണ്.
ഹ്യൂസ്റ്റണിലെ രാജ്യാന്തര എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടന്ന സുവനീര്‍ പ്രകാശന ചടങ്ങിന് ടി.എ.മാത്യു, റെജി കുര്യന്‍, വില്‍സണ്‍, സാബു ടി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.