ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് ഇന്നലെ രാത്രി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ രാത്രിയില്‍ തന്നെ എംഎല്‍എ യെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഉന്നാവോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാഗേറ്റില്‍ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ സമരമാണ് നടന്നത്. കേസ് സിബിഐയ്ക്ക് വിടാന്‍ പ്രധാനമന്ത്രിയൂടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. ഇന്നലെ രാത്രിയിലാണ് കുല്‍ദീപിന്റെ വസതിയിലേക്ക് സിബിഐ സംഘം നീങ്ങിയത്. കേസില്‍ ഇന്ന് ഉച്ചയ്ക്ക് അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ കോടതിവിധി എതിരാകുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് സൂചന.
ഒരു വര്‍ഷം നീണ്ടു നിന്ന നടപടിക്ക് ശേഷമാണ് ബിജെപി എംഎല്‍എ യ്‌ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്ന ശേഷമാണ് പെണ്‍കുട്ടി എംഎല്‍എയ്‌ക്കെതിരേ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ പെണ്‍കുട്ടി പരാതിയുമായി കോടതിക്ക് മുന്നിലെത്തുകയും കോടതി ഇടപെടലില്‍ കേസെടുക്കുകയുമായിരുന്നു.
കേസില്‍ യാതൊരു ചലനവും ഇല്ലാതായതോടെ കഴിഞ്ഞയാഴ്ച പെണ്‍കുട്ടി എംഎല്‍എയുടെ വസതിക്ക് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദനമേറ്റ് മരിക്കുകയും ചെയ്തു. ശരീരത്ത് 15 മുറിവുകള്‍ ഉണ്ടായിരുന്നു.
ഇത് വന്‍ പ്രതിഷേധത്തിന് ഇടയായതോടെയാണ് കേന്ദ്രം ത്വരിത നടപടിക്ക് മുതിര്‍ന്നത്. ഇന്ത്യാഗേറ്റില്‍ ഇന്നലെ പ്രതിഷേധിക്കാന്‍ രാഹുല്‍ഗാന്ധിയുടെ സഹോദരി പ്രിയങ്കാഗാന്ധിയും ഭര്‍ത്താവും മകനുമായി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിയിരുന്നു