• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഉന്നാവ്‌ കേസില്‍ മുഖം രക്ഷിക്കാന്‍ ബിജെപി; സെന്‍ഗറിനെ പുറത്താക്കി

ഉന്നാവ്‌ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ്‌ സിങ്‌ സെന്‍ഗറിനെ ബിജെപി പുറത്താക്കി. നേരത്തെ സെനഗറിനെ പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. സെന്‍ഗറിനെതിരെ കര്‍ശന നടപടിയെടുക്കാത്ത ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ്‌ വിവിധ കോണുകളില്‍നിന്ന്‌ ഉയര്‍ന്നിരുന്നത്‌. സെന്‍ഗറിനെ ബിജെപി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ സെന്‍ഗറിനെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ബിജെപി നീക്കം.

അതിനിടെ, പെണ്‍കുട്ടിക്ക്‌ സുരക്ഷയൊരുക്കാന്‍ നിയമിക്കപ്പെട്ടിരുന്ന രണ്ടു വനിതാ ഉദ്യോഗസ്ഥരടക്കം മൂന്നു പൊലീസുകാരെയും സസ്‌പെന്‍ഡ്‌ ചെയ്‌തു. ഉന്നാവ്‌ പെണ്‍കുട്ടിയുടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊലക്കുറ്റം ചുമത്തി സെനഗറിനും പത്തുപേര്‍ക്കുമെതിരെ സിബിഐ അന്വേഷണം തുടങ്ങി. സംഭവത്തില്‍ യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ മന്ത്രി റണ്‍വേന്ദ്ര സിങ്ങിന്റെ മരുമകനെതിരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്‌.

നാട്ടുകാരുടെ വലിയ അടുപ്പക്കാരനാണ്‌ കുല്‍ദീപ്‌ സിങ്‌ സെനഗര്‍. തരാതരം പാര്‍ട്ടിമാറി തന്റെ നിലനില്‍പ്‌ ഉറപ്പിച്ചു. ആകെ മല്‍സരിച്ച നാല്‌ തിരഞ്ഞെടുപ്പുകളിലും മണ്ഡലം മാറി ഉന്നാവിലെങ്ങും സ്വാധീനം വര്‍ധിപ്പിച്ചു. ഗ്രാമമുഖ്യനായിരിക്കെ, 2002ല്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടി (ബിഎസ്‌പി) ടിക്കറ്റില്‍ ഉന്നാവില്‍ മത്സരിച്ചാണ്‌ സെന്‍ഗര്‍ ആദ്യം നിയമസഭയിലെത്തിയത്‌. 2007ല്‍ സമാജ്‌വാദി പാര്‍ട്ടിയിലെത്തി ബെങ്കാരമാവില്‍ നിന്ന്‌ എംഎല്‍എയായി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ഭഗവന്ത്‌നഗറിലേക്കു മണ്ഡലം മാറി.

2017ല്‍ ബിജെപിയിലെത്തി അധികാരത്തോടൊപ്പം നിലയുറപ്പിച്ചു. ബെങ്കാരമാവിലേക്ക്‌ വീണ്ടും സീറ്റു മാറിയപ്പോള്‍ ഭഗവന്ത്‌നഗറില്‍ അടുപ്പക്കാരനായ ഹൃദയ നരെയ്‌ന്‍ ദീക്ഷിതിനെ നിര്‍ത്തി ജയിപ്പിച്ചു. അദ്ദേഹം യുപി നിയമസഭാ സ്‌പീക്കറുമായി. വൈകിയാണു ബിജെപിയില്‍ എത്തിയതെങ്കിലും എതിര്‍വാക്കില്ലാത്ത നേതാവായി മാറാന്‍ വളരെ പെട്ടെന്നു സെന്‍ഗറിനു കഴിഞ്ഞു.

തെളിവുകള്‍ നിരത്തിയിട്ടും സെന്‍ഗര്‍ അറസ്റ്റ്‌ ചെയ്യപ്പെടാതെ ഏറെനാള്‍ വിലസി. ഒടുവില്‍ അലഹാബാദ്‌ കോടതിയുടെ കര്‍ശന താക്കീതു വന്നതോടെയാണ്‌ സെന്‍ഗര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഉന്നാവിലെ ജില്ലാ ജയില്‍ പക്ഷേ, സെന്‍ഗറിനു തടസ്സമായതേയില്ല. നാട്ടിലെ പല പ്രശ്‌നങ്ങള്‍ക്കു സ്വന്തം തീര്‍പ്പു കല്‍പിക്കുന്ന സെന്‍ഗര്‍ പതിവുരീതികള്‍ ജയിലിലും തുടര്‍ന്നു. ഉന്നാവിലെ ജയില്‍മുറിയില്‍ സെന്‍ഗറിന്റെ 'ദര്‍ബാര്‍' പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുമായി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധു കോടതിയെ സമീപിച്ചു. അതേത്തുടര്‍ന്നാണ്‌ ഉന്നാവില്‍ നിന്നു സീതാംപുര്‍ ജയിലിലേക്കു മാറ്റിയത്‌. അവിടെയും കാര്യങ്ങള്‍ സെന്‍ഗറിന്‌ അനുകൂലമായിരുന്നുവെന്നു തെളിയിക്കുന്നതാണ്‌ അപകടത്തിനു പിന്നാലെ പുറത്തുവന്ന വിവരങ്ങള്‍.

ജയിലിനുള്ളില്‍ എംഎല്‍എയ്‌ക്കു ഫോണ്‍ സൗകര്യമടക്കം ലഭിക്കുന്നുണ്ടെന്നു പൊലീസില്‍ ചിലര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. ഉന്നാവിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനു സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊലീസ്‌ സംഘം തന്നെ സെന്‍ഗറിനായി വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാമര്‍ശം അപകടക്കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്‌.

Top