• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സൈനിക കരുത്ത് തെളിയിച്ച് റിപ്പബ്ലിക് ദിനാഘോഷം; സാക്ഷികളായി ലോകനേതാക്കൾ

ന്യൂഡൽഹി ∙ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ രാജ്യം ഇന്ന് 69–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഇന്ത്യാഗേറ്റിലെ അമര്‍ ജവാൻ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു. ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവൻമാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥികളായി ഒരുമിച്ച് പങ്കെടുക്കുന്നത്.

പതാക ഉയർത്തിയതിനു പിന്നാലെ അശോകചക്ര അടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര–നാവിക–വ്യോമ സേനകളുടെ പരേഡ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രാവിലെ തന്നെ ആഘോഷ ചടങ്ങുകൾക്ക് തുടക്കമായി.

ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ആസിയാൻ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാർ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തിയത്.
കനത്ത സുരക്ഷയിൽ ഡൽഹി

അതിനിടെ രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് 69–ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്സ് വിവരത്തെത്തുടർന്ന് അതിർത്തിയിൽ കനത്ത സുരക്ഷയാണ്. കശ്മീരിൽ അനിഷ്ട സംഭവങ്ങൾക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾക്കു വിലക്കേർപ്പെടുത്തി.

ഡൽഹിയിൽ പതിനായിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്പഥ് മുതൽ ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റർ‍ പരേഡ് വീഥിയിലുടനീളം ഷാർപ് ഷൂട്ടർമാർ ഉൾപ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയ നിരീക്ഷണവും ഉറപ്പാക്കും.

ആകാശത്ത് അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ തടയാൻ ഡ്രോണിന്റെ സഹായവും തേടും. വ്യോമസേനയും പരേഡ് സമയത്ത് നിരീക്ഷണവുമായുണ്ടാകും. കേന്ദ്ര സേനയിൽ നിന്നും ഡൽഹി പൊലീസിൽ നിന്നുമായി 60,000 പേരെയാണ് സെൻട്രൽ ഡൽഹിയിലേക്കു മാത്രമായി വിന്യസിച്ചിരിക്കുന്നത്. തിരക്കേറിയ ചന്തകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉൾപ്പെടെ സുരക്ഷ ശക്തമാക്കി.

ഗതാഗതം സുഗമമാക്കുന്നതിന് 1500 പേരെയാണ് ട്രാഫിക് പൊലീസ് നിയോഗിച്ചിരിക്കുന്നത്. പരേഡ് വീഥിയല്ലാതെ മറ്റു ചിലയിടങ്ങളിലും ഇത്തവണ പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്. അവിടങ്ങളിൽ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാമേൽനോട്ടം. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരാനോ തിരികെ പോകാനോ രാവിലെ 10.35 മുതൽ 12.15 വരെ ഫ്ലൈറ്റുകൾക്ക് അനുമതിയുണ്ടായിരിക്കില്ലെന്നും സുരക്ഷാവിഭാഗം അറിയിച്ചിട്ടുണ്ട്.

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽനിന്ന്

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽനിന്ന്

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽനിന്ന്

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽനിന്ന്

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽനിന്ന്

 

Top