• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വ്യാപാരയുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കവുമായി യുഎസ്‌.

വ്യാപാരയുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കവുമായി യുഎസ്‌. വ്യാപാര രംഗത്ത്‌ ഇന്ത്യക്കു നല്‍കിവരുന്ന പരിഗണന അവസാനിപ്പിക്കാന്‍ യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നിര്‍ദേശം നല്‍കി.


ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ്‌ യുഎസ്‌ ട്രേഡ്‌ ചീഫിന്റെ ഓഫിസിന്‌ ട്രംപ്‌ ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്‌. യുഎസിനു വിപണിയില്‍ ആവശ്യമായ അവസരം ലഭ്യമാക്കുന്നത്‌ ഉറപ്പാക്കാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞില്ലെന്നും വ്യാപാരത്തിനു തിരിച്ചടിയാകുന്ന തരത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അവര്‍ അറിയിച്ചു.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക്‌ നികുതി കൂട്ടാന്‍ ട്രംപ്‌ തുര്‍ക്കിക്കെതിരെയും സമാന നീക്കമാണ്‌ യുഎസ്‌ നടത്തുന്നത്‌. ഏറെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുന്ന വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ യുഎസും ചൈനയും ചര്‍ച്ചകള്‍ക്കു സന്നദ്ധമായ സാഹചര്യത്തിലാണ്‌ നിലപാടു കടുപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം. 60 ദിവസത്തിനുള്ളില്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നാണു സൂചന.
യുഎസ്‌ പ്രതിനിധി സഭാ നേതാക്കള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ ട്രംപ്‌ കത്തെഴുതുകയും ചെയ്‌തിട്ടുണ്ട്‌.

ജനറലൈസ്‌ഡ്‌ സിസ്റ്റം ഓഫ്‌ പ്രിഫറന്‍സ്‌ (ജിഎസ്‌പി) പരിപാടി അനുസരിച്ച്‌ ഇന്ത്യയ്‌ക്കും തുര്‍ക്കിക്കും അനുവദിച്ചിരുന്ന മുന്‍ഗണനാ സ്ഥാനം റദ്ദാക്കാനാണ്‌ യുഎസ്‌ തീരുമാനിച്ചിരിക്കുന്നത്‌.
ഇരുരാജ്യങ്ങളും അതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന്‌ യുഎസ്‌ ട്രേഡ്‌ ഓഫിസ്‌ അറിയിച്ചു.

 

Top