പ്രളയം നേരിടുന്നതിലും നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതിലും കേരളം സ്വീകരിച്ച നടപടികള്‍ക്ക് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്ററിന്റെ അഭിനന്ദനം. ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്‌ക്ക് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചയില്‍ അദ്ദേഹം വ്യക്തമാക്കി.
വെള്ളപ്പൊക്ക നിയന്ത്രണം ലക്ഷ്യമാക്കി കേരളം രൂപീകരിക്കുന്ന റിവര്‍ ബേസിന്‍ മാനേജ്‌മെന്‍റ് അതോറിറ്റിക്ക് അമേരിക്കയുടെ സാങ്കേതിക സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്നറിയിപ്പ് നല്‍കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം വികസിപ്പിക്കുന്നതിനു സാങ്കേതിക സഹകരണം കേരളം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടൂറിസം, ബിസിനസ്, ആരോഗ്യം എന്നീ മേഖലകളിലും സാങ്കേതിക രംഗത്തും കൂടുതല്‍ സഹകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പരിഗണനാര്‍ഹമാണെന്ന് കെന്നത്ത് പറഞ്ഞു.