• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയ്‌ക്ക്‌ സഹായവുമായി യുഎസ്‌; അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ്‌ കൈമാറി

കോവിഡ്‌ രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്‌ക്ക്‌ സഹായവുമായി യുഎസ്‌. അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ്‌ ഇന്ത്യയ്‌ക്ക്‌ കൈമാറി.. ആദ്യതരംഗത്തില്‍ അമേരിക്കയ്‌ക്ക്‌ ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്ന്‌ പ്രസിഡന്‍റ്‌ ജോ ബൈഡന്‍ പറഞ്ഞു.

അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡിന്റെ ആദ്യ നാളുകളില്‍ യുഎസിന്‌ ഇന്ത്യ നല്‍കിയ സഹായങ്ങളെ അനുസ്‌മരിച്ചായിരുന്നു ബൈഡന്റെ ട്വീറ്റ്‌. നേരത്തെ വാക്‌സീന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ ഇന്ത്യയ്‌ക്ക്‌ നല്‍കുമെന്ന്‌ യുഎസ്‌ ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ ജെയ്‌ക്‌ സുള്ളിവന്‍ ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിനെ നേരിട്ടറിയിച്ചിരുന്നു. കോവിഷീല്‍ഡ്‌ വാക്‌സീന്റെ ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളാണ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കുക.

അസംസ്‌കൃത വസ്‌തുക്കള്‍ കയറ്റി അയക്കുന്നതിന്‌ യുഎസ്‌ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. സഖ്യകക്ഷിയായ ഇന്ത്യ കടുത്ത പ്രതിസന്ധിയിലകപ്പെട്ടപ്പോഴും വിലക്കില്‍ ഇളവ്‌ വരുത്താത്തതില്‍ അമേരിക്കന്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുഎസ്‌ ഭരണകൂടം ഇന്ത്യന്‍ സര്‍ക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും വേണ്ട സഹായങ്ങള്‍ വളരെ വേഗം എത്തിക്കുമെന്നും യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസ്‌ ട്വീറ്റ്‌ ചെയ്‌തു.

Top