വാഷിംഗ്ടണ്‍: ആണവ വിതരണ ഗ്രൂപ്പില്‍ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ മികച്ചതാണെന്ന് അമേരിക്ക. എന്‍എസ്ജിയിലേക്ക് വേണ്ട എല്ലാ യോഗ്യതകളും ഇന്ത്യക്കുണ്ട്. എന്നാല്‍ അതിന് തടസ്സം നില്‍ക്കുന്നത് ചൈനയാണ്. അവര്‍ വീറ്റോ അധികാരം ഉപയോഗിച്ച് ഇന്ത്യയുടെ മുന്നേറ്റത്തെ തടയുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനായി ശ്രമിക്കുകയാണെങ്കില്‍ യുഎസ് വീണ്ടും അതിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 48 രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരാണ് ആണവ വ്യാപാരം നിയന്ത്രിക്കുന്നത്. പല രാജ്യങ്ങളുടെയും പിന്തുണ നേരത്തെ ഈ വിഷയത്തില്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു.
എന്നാല്‍ പുതിയ അംഗങ്ങള്‍ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്നായിരുന്നു ചൈനയുടെ ആവശ്യം. ഇതോടെ ഇന്ത്യയുടെ അംഗത്വം തടയുകയായിരുന്നു. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതേസമയം ഇന്ത്യക്ക് അംഗത്വം അനുവദിക്കുകയാണെങ്കില്‍ പാകിസ്താനും നല്‍കണമെന്നാണ് ചൈനയുടെ ആവശ്യം.
ഇന്ത്യക്ക് എല്ലാ നിബന്ധനകള്‍ പാലിച്ചിട്ടും ചൈന ഏകപക്ഷീയമായ നയം തുടരുന്നത് ഇന്ത്യയുടെ മുന്നേറ്റത്തെ തടയാനാണെന്ന് യുഎസ് പ്രിന്‍സിപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു. അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് യുഎസ്സിന്റെ പ്രസ്താവനകള്‍. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇറാനെ ഇന്ത്യ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം.