വാഷിങ്ടൻ∙ എച്ച്–1 ബി വീസ നടപടിക്രമങ്ങൾ യുഎസ് കൂടുതൽ കർശനമാക്കുന്നു. മാതൃകമ്പനിയിൽനിന്ന് മറ്റു കമ്പനികളിലേക്ക് ജോലിയാവശ്യത്തിനായി പോകുന്ന (ഡപ്യൂട്ടേഷൻ) ജീവനക്കാർക്ക് നൽകുന്ന വീസയ്ക്കുള്ള നടപടി ക്രമങ്ങളാണ് കർശനമാക്കിയത്. യുഎസിലെ ഇന്ത്യൻ കമ്പനികളെയും ജീവനക്കാരെയും ബാധിക്കുന്ന തരത്തിലാണ് മാറ്റം. ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് എന്തിനാണ് വിടുന്നതെന്നുള്ള വിശദീകരണം കമ്പനി തന്നെ നൽകണം. ഒപ്പം ജോലിയിൽ ഇയാൾക്കുള്ള നൈപുണ്യവും വ്യക്തമാക്കണം. തുടർന്ന് അവർ കമ്പനിയിൽ ജോലി ചെയ്യുന്ന അത്രയും കാലത്തേക്കു മാത്രമുള്ള വീസ അനുവദിക്കാമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്–1 ബി. അപേക്ഷകനു വിദഗ്ധമേഖലയിൽ ബിരുദം നിർബന്ധം. പ്രതിവർഷം ഒന്നേകാൽ ലക്ഷത്തോളം ഇന്ത്യക്കാർക്ക് ഈ വീസ കിട്ടുന്നുണ്ട്. 2016ൽ 1,26,692 ഇന്ത്യക്കാർക്ക് എച്ച്–1ബി ലഭിച്ചു. തൊട്ടുപിന്നിൽ ചൈന– 21,657 പേർ. എച്ച്–1ബി വീസ ലഭിക്കുന്നതിൽ 68% ഇന്ത്യക്കാരാണ്.