• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഉഴവൂർ വിജയന്റെ ഓർമ്മകളുണർത്തിയ - ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

പാലാ: ഉഴവൂർ വിജയന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കി 'ഓർമ്മകളിൽ വിജയേട്ടൻ' എന്ന പേരിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ഉഴവൂർ വിജയനുള്ള സ്മരണാഞ്ജലിയായി. കെ.ആർ. നാരായണൻ ഫൗണ്ടേഷനാണ് കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചത്. ഉഴവൂർ വിജയന്റെ പഴയകാല രാഷ്ടീയ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ കൂടിയായിരുന്നു ചിത്രപ്രദർശനം.

കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ പോസ്റ്റർ അച്ചടിക്കാൻ തയ്യാറാക്കിയ ചിത്രവും ആസാം മുൻ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായിരുന്ന ശരത് ചന്ദ്ര സിൻഹക്കൊപ്പമുള്ള പഴയ കാല ചിത്രങ്ങളും പ്രദർശനത്തിൽ ഇടം പിടിച്ചു. കുടുംബ സുഹൃത്തും മുൻ രാഷ്ട്രപതിയുമായിരുന്ന കെ.ആർ. നാരായണൻ എം.പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന കാലത്തു ഉഴവൂർ വിജയൻ നടത്തിയ സന്ദർശനങ്ങളുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി.

മുൻ രാഷ്ട്രപതിമാരായിരുന്ന എ പി ജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, പ്രണാബ് മുഖർജി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രദർശനത്തിൽ ഇടം പിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. വിവിധ സിനിമകളിൽ അഭിനയിക്കുന്നതിന്റെയും മേക്കപ്പ് ഇടുന്നതിന്റെയും ചിത്രങ്ങൾ രാഷ്ട്രീയത്തിനൊപ്പം അഭിനയവും വഴങ്ങുമെന്നതിന്റെ തെളിവായി.

ഉഴവൂർ വിജയൻ കാസർകോഡുനിന്നു തിരുവനന്തപുരത്തേയ്ക്ക് നടത്തിയ 'ഉണർത്തു യാത'യുടെയും നിയമസഭയിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ചപ്പോഴുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ.സി.പി. സംസ്ഥാന പ്രസിഡൻറായിരിക്കെ നടത്തിയ വ്യത്യസ്തവും ശ്രദ്ധ പിടിച്ചുപറ്റിയതുമായ സമരങ്ങളുടെയും സമ്മേളനങ്ങളുടെയും ചിത്രങ്ങളും പ്രദർശനത്തിന്റെ മാറ്റുകൂട്ടി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സത്യസന്ധതയുടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഉത്തമ മാതൃകയായിരുന്നു ഉഴവൂർ വിജയനെന്ന് മന്തി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിൽ ഉഴവൂർ വിജയൻ തന്റേതായ ശൈലികൊണ്ടാണ് വളർന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉഴവൂർ വിജയന്റെ വിവാഹത്തിനു കൂട്ടിക്കൊണ്ടു പോകുന്ന താൻ ഉൾപ്പെട്ട ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്നത് മന്ത്രി കൗതുകപൂർവ്വം വീക്ഷിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.

എൽ.എ., ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, രാജൻ മാസ്റ്റർ, ഡിജോ കാപ്പൻ, സാംജി പഴേപറമ്പിൽ, എം.എം.തോമസ്, ദീപാ ഷാജി, എം.ജി.ഉണ്ണി, സ്കൂൾ ഹെഡ്മിസ്ട്രസ് സുജ പി, ജോൺ തുടങ്ങിയവർ പങ്കെടുത്തു.

ഉഴവൂർ വിജയന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു കെ.ആർ.നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഓർമ്മകളിൽ വിജയേട്ടൻ എന്ന ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം വീക്ഷിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.മോൻസ് ജോസഫ് എം എൽ എ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, ഡിജോ കാപ്പൻ, സാംജി പഴേപറമ്പിൽ, എം. എം. തോമസ്, ജയിസൺ കൊല്ലപ്പള്ളി എന്നിവർ സമീപം.

ഉഴവൂർ വിജയന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു കെ.ആർ.നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഓർമ്മകളിൽ വിജയേട്ടൻ എന്ന ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഉഴവൂർ വിജയന്റെ വിവാഹത്തിന് ഒരുക്കുന്ന മന്ത്രിയുടെ പഴയ കാല ചിത്രം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസും വൈസ് ചെയർമാൻ സിന്ധുമോൾ ജേക്കബും ചേർന്നു സമ്മാനിക്കുന്നു. മോൻസ് ജോസഫ് എം എൽ എ, ആൻസമ്മ സാബു, എം എം തോമസ് എം ജി ഉണ്ണി, സാംജി പഴേപറമ്പിൽ എന്നിവർ സമീപം.

ഉഴവൂർ വിജയന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു കെ.ആർ. നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഓർമ്മകളിൽ വിജയേട്ടൻ എന്ന ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഉഴവൂർ വിജയന്റെ വിവാഹത്തിന് ഒരുക്കുന്ന മന്ത്രിയുടെ പഴയ കാല ചിത്രം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസും വൈസ് ചെയർമാൻ സിന്ധുമോൾ ജേക്കബും ചേർന്നു സമ്മാനിച്ചപ്പോൾ വീക്ഷിക്കുന്ന മന്ത്രി. മോൻസ് ജോസഫ് എം എൽ എ സമീപം.

 

Top