• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കാലവര്‍ഷക്കെടുതി: കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയെന്ന്‍ വി എം സുധീരന്‍

തിരുവനന്തപുരം: ഒരു സംസ്ഥാനമാകെ മഹാദുരിതത്തില്‍ പെട്ട് നട്ടം തിരിയുമ്ബോള്‍ ആ മഹാവിപത്തിനെ നേരിടുന്നതിന് അടിയന്തര സഹായമായി ആവശ്യപ്പെട്ട തുകയുടെ തുച്ഛമായ ഒരു ഭാഗം മാത്രം സഹായമായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന് കോണ്‍ഗ്രസ്‌ നേതാവ് വി എം സുധീരന്‍.

അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തിന്‍്റെ ഫലമായി കേരളത്തില്‍ ഉണ്ടായത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ബോധ്യപ്പെട്ടതായി പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനത്തിനുണ്ടായത് കനത്ത നഷ്ടം തന്നെയാണെന്നും വ്യക്തമാക്കി. ഈ ഗുരുതര പ്രതിസന്ധിഘട്ടത്തില്‍ കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ പ്രതികരണം വന്നത്.

കേരളത്തിനുണ്ടായ മഹാദുരന്തത്തെ കുറിച്ച്‌ ബോധ്യപ്പെട്ട കേന്ദ്രമന്ത്രി തുടര്‍ന്ന് 100 കോടി രൂപയാണ് പ്രാഥമിക സഹായമായി പ്രഖ്യാപിച്ചതെന്നത് കേരളത്തിലെ ജനങ്ങളെ തീര്‍ത്തും നിരാശരാക്കിയിരിക്കുകയാണ്.

പ്രകൃതിക്ഷോഭം മൂലം ഇതുവരെയുള്ള കണക്കനുസരിച്ച്‌ 8316 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. അന്തിമ വിലയിരുത്തലില്‍ ഇത് ഇനിയും ഏറെ വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. ഈ പശ്ചാത്തലത്തില്‍ കേരളം അടിയന്തിര സഹായമായി 1220 കോടി രൂപ ആവശ്യപ്പെട്ടിടത്താണ് 100 കോടി രൂപ പ്രഖ്യാപിക്കപ്പെട്ടത്.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസമായി യഥാക്രമം 1711, 1055, 420, 421, 839 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഓഖി ദുരന്തത്തിന്റെ കാര്യത്തിലും 1843 കോടി രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടപ്പോഴും 169.63 കോടി മാത്രമാണ് കേന്ദ്രം നല്‍കിയത്.

വിവേചനപരമായ ഈ സമീപനം മോഡിസര്‍ക്കാര്‍ തിരുത്തിയേ മതിയാകൂ. സമാനതകളില്ലാത്ത കേരളത്തിലെ മഹാദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാങ്കേതികത്വം തടസ്സമാകരുത്.

എത്രയും പെട്ടെന്ന് കേരളത്തിലെ പ്രകൃതിക്ഷോഭ കെടുതികളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും അര്‍ഹവും ന്യായവുമായ പരിഗണന നല്‍കി കേരളത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയും വേണം. ഇതിനായി സംസ്ഥാന സര്‍ക്കാരും സമസ്ത രാഷ്ട്രീയ നേതൃത്വവും പാര്‍ലമെന്‍്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും ജനങ്ങളും ഒറ്റക്കെട്ടായി പോരാടിയേ മതിയാകൂയെന്നും അദ്ദേഹം പറഞ്ഞു.

Top