• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്‍റെ തിരുനാള്‍ ആഘോഷിച്ചു

ഫിലഡല്‍ഫിയ: “ആവേമരിയ” സ്തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയര്‍പ്പണത്തിന്‍റെയും, രോഗശാന്തിപ്രാര്‍ത്ഥന കളുടെയും, ദൈവസ്തുതിപ്പുകളുടെയും, “ഹെയ്ല്‍ മേരി” മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഒരു “ചിന്ന വേളാങ്കണ്ണി”യായി മാറി. കിഴക്കിന്‍റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയാക്കു തിലകക്കുറിയായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം വണങ്ങി ആയിരങ്ങള്‍ ആത്മനിര്‍വൃതിയടഞ്ഞു.

ഭക്തിനിര്‍ഭരമായി ആഘോഷിക്കപ്പെട്ട വേളാങ്കണ്ണി ആരോഗ്യമാതാവിന്‍റെ തിരുനാളില്‍ വര്‍ണ, വര്‍ഗ, ഭാഷാവ്യത്യാസം മറന്ന് തമിഴരും, തെലുങ്കരും, കന്നടക്കാരും, ഹിന്ദിക്കാരും, മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളും, ലാറ്റിനോ ക്രൈസ്തവരും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും പങ്കെടുത്തു.

വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്‍റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധകന്യാമറിയത്തിന്‍റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്‍റെ തിരുനാളും സംയുക്തമായി സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച്ച ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. കൊപ്പേല്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ പള്ളിവികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സി. എം.; അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്സ്, സി. എം.; സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. പുഷ്പദാസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

ഇറ്റാലിയന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം നൈറ്റ്സ് ഓഫ് കൊളംബസിന്‍റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.

2012 സെപ്റ്റംബര്‍ എട്ടിനു വേളാങ്കണ്ണിമാതാവിന്‍റെ തിരുസ്വരൂപം മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷപൂര്‍വം പ്രതിഷ്ഠിക്കപ്പെട്ട തിനുശേഷം തുടര്‍ച്ചയായി ഏഴാംവര്‍ഷമാണു വേളാങ്കണ്ണിമാതാവിന്‍റെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ ഏഴുമണിവരെ നീണ്ടുനിന്നു.

സീറോമലബാര്‍ ഇടവക നേതൃത്വം നല്‍കിയ തിരുനാള്‍ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയന്‍ ഭക്തി യുടെയും അത്യപൂര്‍വമായ കൂടിവരവിന്‍റെ മകുടോദാഹരണമായിരുന്നു. സീറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. റവ. ഡോ. സജി മുക്കൂട്ട് ദിവ്യബലിമധ്യേ തിരുനാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്സ്, സി. എം. എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ ചെയ്തു.

ഫോട്ടോ: ജോസ് തോമസ്

 

Top