ആലുവ∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ക്രിസ്പിന്‍ ഇല്ലാതിരുന്നുവെന്നു വ്യക്തമായതിനെത്തുടർന്നാണിത്.
ക്രിസ്പിന്‍ സാമിനെതിരെ വ്യാജ രേഖ ചമയ്ക്കല്‍, അന്യായമായി തടങ്ങില്‍ വെക്കല്‍ എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. അഞ്ചാം പ്രതിയാണ്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക് അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് സി.ഐ ക്രിസ്പിന്‍ സാമിനെയും അറസ്റ്റ് ചെയ്തത്.
എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.