ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ താന്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഏതായാലും മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോല്പിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്. ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ ആറ് നിലയില്‍ പൊട്ടും. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാല്‍ പിന്മാറിയത്.
താന്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്ത് പഠിപ്പും വിവരവുമുള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണക്കും. പക്ഷേ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണ്. വെള്ളാപ്പള്ളി പറഞ്ഞു