• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍; വൈകാതെ സബ്‌ ജയിലിലേക്ക്‌

സിറാജ്‌ ദിനപത്രം തിരുവനന്തപുരം യൂണിറ്റ്‌ മേധാവി കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ്‌ ചെയ്‌തു. മജിസ്‌ട്രേറ്റ്‌ ആശുപത്രിയിലെത്തിയാണ്‌ റിമാന്‍ഡ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. ശ്രീറാം തല്‍ക്കാലം പൊലീസ്‌ കാവലില്‍ ആശുപത്രിയില്‍ തുടരും. ഡിസ്‌ചാര്‍ജ്‌ ആയാല്‍ സബ്‌ജയിലിലേക്കു മാറ്റും.

ശനിയാഴ്‌ച വൈകിട്ടാണ്‌ ശ്രീറാമിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്‌ അറസ്‌റ്റെന്നാണ്‌ പൊലീസ്‌ അറിയിച്ചത്‌. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടര്‍നടപടികളുമെടുക്കാന്‍ ഗതാഗത വകുപ്പ്‌ മന്ത്രി നിര്‍ദേശം നല്‍കി. അപകടസമയത്ത്‌ കാറോടിച്ചത്‌ ശ്രീറാം വെങ്കിട്ടരാമനാണെന്ന്‌ പൊലീസ്‌ നേരത്തേ സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മിഷണര്‍ ഐജി സഞ്‌ജയ്‌ കുമാര്‍ ഗരുഡിനാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. ശ്രീറാമും കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ വഫയും ഇതുതന്നെയാണ്‌ പൊലീസില്‍ അറിയിച്ചതെന്നും കമ്മിഷണര്‍ പറഞ്ഞു. കാറോടിച്ചിരുന്നത്‌ വഫയാണെന്ന്‌ ശ്രീറാമും വഫയും മ്യൂസിയം പൊലീസിന്‌ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ്‌ കമ്മിഷണര്‍ വിശദീകരണം നല്‍കിയത്‌.

അപകടസമയത്ത്‌ വാഹനം ഓടിച്ചത്‌ ശ്രീറാം തന്നെയെന്നാണ്‌ ദൃക്‌സാക്ഷികളും പറഞ്ഞിരുന്നത്‌. കാറില്‍ ഇടതുവശത്താണ്‌ വഫ ഇരുന്നതെന്നാണ്‌ ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ പൊലീസ്‌ കേസെടുത്തത്‌. പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ അപകടം ഉണ്ടായത്‌. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയെ പൊലീസ്‌ കസ്റ്റഡിയില്‍ എടുക്കാതെ ആദ്യം വിട്ടയച്ചു. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകര്‍ പൊലീസ്‌ സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ ഇവരെ ഫോണില്‍ വിളിച്ചു വീണ്ടും സ്‌റ്റേഷനിലെത്തിച്ചു മൊഴി രേഖപ്പെടുത്തിയത്‌.

Top