ലണ്ടന്‍: രാജ്യം വിടുന്നതിനു മുമ്ബ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിജയ് മല്യ. 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ ലണ്ടനിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പ്രശ്നം പരിഹരിക്കുന്നതിന് നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും മല്യ പറഞ്ഞു.
ജനീവയില്‍ മീറ്റിംഗ് ഉണ്ടായിരുന്നതിനാലാണ് താന്‍ പോയത്. പോകുന്നതിനു മുമ്ബ് ജെയ്റ്റ്ലിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതിനു തന്റെ വാഗ്ദാനങ്ങള്‍ മുന്നോട്ടതുവച്ചു. ഇത് സത്യമാണ്- മല്യ പറഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നല്കിയ കേസില്‍ ഹാജരാവാനാണ് കോടതിയിലെത്തിയത്.
എന്നാല്‍ മല്യ പറയുന്നത് കളവാണെന്നും ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ജെയ്റ്റ്ലി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. മല്യക്ക് കൂടികാഴ്ചക്ക് സമയം നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്ലി പ്രതികരിച്ചു.
മല്യയുടെ പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മല്യയും ജെയ്റ്റ്ലിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മല്യക്ക് രാജ്യം വിടാന്‍ അനുവാദം നല്‍കിയതാരാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു.