ക്രിസ്‌മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി എക്‌സൈസ്. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി യും നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ക്രിസ്‌മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന് എക്‌സൈസ് സര്‍ക്കുലര്‍ പറയുന്നു. അബ്‌കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്ന് എക്‌സൈസ് ഓര്‍മിപ്പിക്കുന്നു. ഹോംമെയ്‌ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്.
കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സ്‌പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോടു ചേര്‍ന്നപ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.