മുംബയ്: തങ്ങളുടെ കളി കാണാന്‍ എത്തണമെന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ അഭ്യര്‍ത്ഥന ആരാധകര്‍ കേട്ടുവെന്ന് വ്യക്തം. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ ഇന്ത്യ- കെനിയ മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ചൈനീസ് തായ്‌പേയ്‌യും തമ്മിലുള്ള മത്സരം കാണാന്‍ 2000 പേര്‍ മാത്രം എത്തിയ സാഹചര്യത്തിലായിരുന്നു അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയത്.
''നമ്മുടെ ഫുട്ബാളിന് യൂറോപ്യന്‍ ഫുട്ബാളിന്റെ വേഗമോ ആവേശമോ ഇല്ല. ഇത് കാണാന്‍ എന്തിന് സമയം മിനക്കെടുത്തുന്നു എന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത്. കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ഒക്കെ ചെയ്തോളൂ. പക്ഷേ ഞങ്ങളുടെ കളി കാണാന്‍ നിങ്ങള്‍ ഗാലറിയിലേക്ക് വരണം. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കാറുണ്ട്.
നിങ്ങളുടെ സാന്നിദ്ധ്യം ഞങ്ങളില്‍ കൂടുതല്‍ ആവേശം നിറയ്ക്കും. എല്ലാവരും വരൂ, കളിയെക്കുറിച്ച് സംസാരിക്കൂ, ഇതില്‍ ഇടപഴകൂ. നമ്മുടെ ഫുട്ബാള്‍ സംസ്കാരത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കമാകട്ടെ''കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ സന്ദേശത്തില്‍ സുനില്‍ ഛേത്രിയുടെ വാക്കുകളായിരുന്നു ഇത്. തൊട്ടുപിന്നാലെ സുനില്‍ ഛേത്രിയേയും ഇന്ത്യന്‍ ഫുട്ബോളിനേയും പിന്തുണച്ച് വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേസമയം ഛേത്രിയുടെ വാക്കുകള്‍ ആരാധകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു എന്നാണ് ടിക്കറ്റ് വിറ്റു പോയതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.
ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ സുനില്‍ ഛേത്രിയുടെ 100-ാം മത്സരമാണിത്. ക്രിസ്‌റ്റ്യാനോയ്ക്കും മെസിക്കും പിന്നില്‍ സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കാഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി. 59 ഗോളുകള്‍ നേടിക്കഴിഞ്ഞ ഛേത്രിയാണ് ഇന്ത്യ ആള്‍ ടൈം ലീഡിംഗ് ഗോള്‍ സ്കോറര്‍.