• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എച്ച്‌ 1 ബി വീസയില്‍ 10 കോടിയുടെ തട്ടിപ്പ്‌; ഇന്ത്യന്‍ ദമ്പതികളെ തിരഞ്ഞ്‌ യുഎസ്‌

വീസ കണ്‍സല്‍റ്റന്റുമാര്‍ എന്ന വ്യാജേന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ്‌ നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക്‌ യുഎസില്‍ ലുക്കൗട്ട്‌ നോട്ടിസ്‌. ആന്ധ്രപ്രദേശിലെ വെസ്റ്റ്‌ ഗോദാവരി ജില്ലയില്‍നിന്നുള്ള മുത്‌യല സുനില്‍, ഭാര്യ പ്രണിത എന്നിവര്‍ക്കായി പൊലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി.

ദമ്പതികള്‍ യുഎസ്‌ വിട്ടെന്നും യൂറോപ്പില്‍ എവിടെയോ ആണെന്നുമാണ്‌ നിഗമനം. അറ്റ്‌ലാന്റയിലെ ആഭ്യന്തര സുരക്ഷാ വകുപ്പാണ്‌ എച്ച്‌ 1 ബി വീസയുടെ പേരില്‍ ദമ്പതികള്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്‌. നിരവധി പേരില്‍നിന്നാണ്‌ ദമ്പതികള്‍ പണം വാങ്ങിയിരുന്നത്‌.

വീസ വാഗ്‌ദാനം ചെയ്‌ത്‌ കോളജ്‌ വിദ്യാര്‍ഥികളില്‍നിന്ന്‌ 25,000 യുഎസ്‌ ഡോളര്‍ വീതം പിരിച്ചെടുത്തതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 10 കോടി രൂപ തട്ടിയെടുത്തതായാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഒരു കോടിയോളം രൂപ ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായി പൊലീസ്‌ അറിയിച്ചു.

ആന്ധ്രയില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികളും ഇയാളുടെ തട്ടിപ്പിന്‌ ഇരയായെന്ന്‌ പൊലീസ്‌ പറയുന്നു. 30ഓളം വിദ്യാര്‍ഥികളാണ്‌ പരാതി നല്‍കിയത്‌. സുനിലിന്റെ പിതാവ്‌ സത്യനാരായണയും ഒളിവിലാണ്‌. ഇയാളെ അന്വേഷിച്ച്‌ പൊലീസ്‌ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ദമ്പതികള്‍ക്കായി പൊലീസ്‌ തിരച്ചില്‍ ശക്തമാക്കി. ഇന്റര്‍പോളും ലുക്കൗട്ട്‌ നോട്ടിസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.

Top