സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍ (92) ഇനി ഓര്‍മ്മ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം രവിപുരം ശ്‌മശാനത്തില്‍ നടന്നു.
1987ല്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയിലാണ് ധനകാര്യമന്ത്രിയായത്. അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചു. ഭാര്യ: കെ.പ്രഭാവതി മേനോന്‍ (റിട്ട. അധ്യാപിക) മക്കള്‍: അഡ്വ. വി.അജിത് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍, മരുമക്കള്‍: ഡോ. ശ്രീജ അജിത് (അസി. പ്രഫസര്‍ സെന്റ് പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രഫസര്‍ എംഇഎസ് കോളജ്, എടത്തല).
ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂര്‍ 35 മിനിറ്റ് എന്ന ഈ റെക്കോര്‍ഡ് പിന്നീട് കെ.എം.മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കന്‍ഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി. രണ്ടു വട്ടം പാര്‍ലമെന്റ് അംഗമായിരുന്നു. കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍ (ആത്മകഥ), ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
നഗരസഭാ കൗണ്‍സിലര്‍, എംപി, എംഎല്‍എ, മന്ത്രി തുടങ്ങി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒട്ടേറെ പദവികള്‍ അലങ്കരിച്ച അദ്ദേഹം, പിന്നീടു പാര്‍ട്ടിയുമായി അകന്നു. കോണ്‍ഗ്രസിന്റെ ബി ടീമായി സിപിഎം പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോന്‍ പാര്‍ട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനമാണ് പാര്‍ട്ടി വിടാന്‍ പെട്ടെന്നുള്ള കാരണമായത്.