ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഇക്കുറി ഉയര്‍ന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ചെയ്യുന്ന വോട്ടുകള്‍ താമര ചിഹ്നത്തിലാണ് തെളിയുന്നതെന്നും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെന്നു പരാതി ഉയര്‍ന്നു.
എന്നാല്‍ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് പരിശോധനകള്‍ക്കു ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരും വ്യക്തമാക്കി. ചിലയിടങ്ങളില്‍ മഴ പെയ്‌തതു മൂലമുണ്ടായ ഈര്‍പ്പം വോട്ടിങ് യന്ത്രങ്ങളില്‍ ചെറിയ തകരാറുകള്‍ക്കു കാരണമാകുമെന്നു പ്രതീക്ഷിച്ചിരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പറഞ്ഞു.
കോവളം ചൊവ്വരയില്‍ 151ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്കു വോട്ടു ചെയ്യുന്ന വോട്ടുകള്‍ വീഴുന്നത് ബിജെപിക്കാണെന്ന് ആക്ഷേപങ്ങളില്‍ ഒന്ന്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി. ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബിജെപിക്കു വീഴുന്നതായും പരാതിയുണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തരുടെ പരാതിയെത്തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി.
ചൊവ്വരയിലെ വോട്ടിങ് യന്ത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്നും മോക്ക് പോളിങ്ങിനിടയ്‌ക്കാണ് പിഴവുണ്ടായതെന്നും ജില്ലാ കലക്ടര്‍ കെ. വാസുകി വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചതായും കലക്ടര്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ തകരാ!ര്‍ സംബന്ധിച്ച ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.