ഫെയ്സ്ബുക്കിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്. 2016 നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തിലെത്തി പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ പതിയെ പേജ് നിര്‍ജീവമായി.
അവസാനമായി 2016 ജൂണ്‍ ഒന്നിനാണ് വിഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസിന്റെ വിമര്‍ശനം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം.
നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂര്‍ണമായി വില്ക്കപ്പെടുന്നതിന് മുമ്പ്, തകര്ക്കപ്പെടുന്നതിനു മുമ്പ്, മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.