• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

'സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല'; വിമര്‍ശനവുമായി ഷാഫി പറമ്ബില്‍

സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സ്ഡ് ഡെപ്പോസിറ്റോ അല്ലെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. രാജ്യസഭാ സീറ്റിലേക്ക് ചിലരെ തന്നെ തെരഞ്ഞെടുക്കുന്നിതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടാണ് ഷാഫി പറമ്ബില്‍ ഇക്കാര്യം പറഞ്ഞത്. ചില കാര്യങ്ങളോടും ചിലരോടും ചിലപ്പോഴെങ്കിലും അവനവനോടും 'നോ ' പറയാനുള്ള ശേഷി നിങ്ങള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാലം മാത്രമല്ലാ ഭാവിയും കൂടി ആശങ്കയിലാവുകയാണെന്ന് ഷാഫി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഞാന്‍ ജനിച്ചത് 1983ല്‍, 1983 മുതല്‍ ഇങ്ങോട്ടു പരിശോധിക്കുമ്ബോള്‍ എന്റെ അറിവ് ശരിയാണെങ്കില്‍ ഇടക്കാലത്തേക്കും 6 വര്‍ഷത്തെ മുഴുവന്‍ കാലയളവിലേക്കുമായി ഏകദേശം 20 ടേമിലുകളിലായി കോണ്‍ഗ്രസിന് രാജ്യസഭ മെമ്ബര്‍മാര്‍ ഉണ്ടായി. ഈ കാലയളവില്‍ കോണ്‍ഗ്രസ് അവസരം കൊടുത്തത് വെറും 6 പേര്‍ക്ക് മാത്രം. ഇതര പ്രസ്ഥാനങ്ങള്‍ 15 പേരെ രാജ്യസഭയിലേക്ക് അയച്ചപ്പോഴാണെന്ന് ഓര്‍ക്കണം. അനിവാര്യമായ മാറ്റങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ തുടങ്ങണം. സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ എന്നും ഷാഫി പറമ്ബില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതെ! എല്ലാവരും ഉത്തരവാദികളാണ്.
എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഈ കുറിപ്പ്‌ എഴുതുന്ന എനിക്കുള്‍പ്പടെ..
സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല.

ആദ്യം വേണ്ടത് ആത്മവിമര്‍ശനം തന്നെയാണ് ഉപരിതലത്തിലെ ഷോ വര്‍ക്കുകള്‍ക്കപ്പുറത്തേയ്ക്ക് മാധ്യമ വാര്‍ത്തകളോടുള്ള പ്രതികരണങ്ങളായ സമരങ്ങള്‍ക്കുമപ്പുറത്തേക്ക് താഴെ തട്ടില്‍ യുവജന സംഘടന കെട്ടിപ്പടുക്കാന്‍ ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ എന്തു ചെയ്തു.? രണ്ടു തവണ MLA ആയ എന്റെ നിയോജക മണ്ഡലത്തിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന എത്ര ബൂത്ത് കമ്മറ്റികളുണ്ട് യൂത്ത് കോണ്‍ഗ്രസിന്?

നവമാധ്യമങ്ങളിലെ ലൈക്കിനപ്പുറത്തേക്ക് ജനങ്ങളിലേയ്ക്ക് എത്തിയ എത്ര ക്യാമ്ബയിന്‍ സംഘടനാപരമായി ഏറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞു. നേതാക്കള്‍ക്കെതിരെ രോഷപ്രകടനം നടത്തുന്ന ഞാനും നിങ്ങളും നമ്മുടെ കാലത്ത് ചെറുപ്പക്കാരെ കൂടെ നിര്‍ത്തുന്ന കാര്യത്തില്‍ എത്രമാത്രം വിജയിച്ചു.

അവരെ ബാധിക്കുന്ന എത്ര വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചു.ആദ്യം മാറ്റം വേണ്ടത് നമുക്ക് തന്നെയാണ്, നമ്മുടെ ശൈലിക്കു തന്നെയാണ്.കടലാസില്‍ എഴുതി കൊടുക്കുന്ന ബൂത്ത് ,മണ്ഡലം കമ്മിറ്റികള്‍ക്കപ്പുറത്തേക്ക് ജീവനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കി എടുക്കുന്നതിന് തീവ്രപരിശ്രമം നാം നടത്തേണ്ടിയിരിക്കുന്നു. നാം വിമര്‍ശിക്കുന്നവരുടെ കാലത്തെ യൂത്ത്കോണ്‍ഗ്രസ് ,KSU ശക്തി തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതുകൊണ്ട് ആദ്യം നമുക്ക് മാറാം.അനിവാര്യമായ തിരിച്ചുവരവിന് ഊര്‍ജ്ജസ്വലരായി രംഗത്തിറങ്ങാം. യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനാ നടപടികള്‍ അധികം വൈകാതെ ആരംഭിക്കുകയാണെന്ന് മനസ്സിലാക്കുന്നു.

നേതാക്കന്‍മാരോട്...

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.
അത് അറിയാവുന്ന നിങ്ങള്‍
എടുക്കേണ്ട തീരുമാനങ്ങള്‍ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലന്‍സിങ്ങ് അല്ല പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ആവശ്യം.
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആര്‍ജ്ജവവും കരുത്തുമാണ് തീരുമാനങ്ങളില്‍ പ്രകടമാകേണ്ടത്. ചില കാര്യങ്ങളോടും, ചിലരോടും ,ചിലപ്പോഴെങ്കിലും അവനവനോടും "No " പറയാനുള്ള ശേഷി നിങ്ങള്‍ വീണ്ടെടുക്കേണ്ടിയിരിക്കന്നു.
ഇല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാനകാലം മാത്രമല്ലാ ഭാവിയും കൂടി ആശങ്കയിലാവുകയാണ്‌..

കെ.പി.സി.സി യും യൂത്ത്‌ കോണ്‍ഗ്രസ്സും പുനസംഘടന ഉടന്‍ നടക്കാന്‍ പോവുകയാണെന്ന് അറിയുന്നു. അനിവാര്യമാണത്‌

രാജ്യസഭ..

ഞാന്‍ ജനിച്ചത് 1983ല്‍, 1983 മുതല്‍ ഇങ്ങോട്ടു പരിശോധിക്കുമ്ബോള്‍ എന്റെ അറിവ് ശരിയാണെങ്കില്‍ ഇടക്കാലത്തേക്കും ,6 വര്‍ഷത്തെ മുഴുവന്‍ കാലയളവിലേക്കുമായി ഏകദേശം 20 ടേമിലുകളിലായി കോണ്‍ഗ്രസിന് രാജ്യസഭ മെമ്ബര്‍മാര്‍ ഉണ്ടായി. ഈ കാലയളവില്‍ കോണ്‍ഗ്രസ് അവസരം കൊടുത്തത് വെറും 6 പേര്‍ക്ക് മാത്രം. ഇതര പ്രസ്ഥാനങ്ങള്‍ 15 പേരെ രാജ്യസഭയിലേക്ക് അയച്ചപ്പോഴാണെന്ന് ഓര്‍ക്കണം .

അനിവാര്യരായ നേതാക്കന്‍മാര്‍ തുടരുന്നത് മനസ്സിലാക്കാം എല്ലാവരും അനിവാര്യരാവുന്നത് ഇനി തുടരാന്‍ കഴിയില്ല. 1980 മുതല്‍ 1999 വരെ 6 തവണ ലോകസഭയിലേക്ക് P. J കുര്യന്‍ സാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ വില കുറച്ച്‌ കാണുന്നില്ല.തിരഞ്ഞെടുപ്പുകളില്‍ ജയിക്കുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യവുമല്ല.പല സീറ്റുകളും നമുക്ക് നഷ്ടപ്പെട്ടതോര്‍ക്കുമ്ബോള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതിന്റെ പ്രാധാന്യവും മനസ്സിലാവും.
2005 മുതല്‍ കുര്യന്‍ സാര്‍ രാജ്യസഭയിലുണ്ട് .നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹം തയ്യാറാവണം. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയല്ല മറിച്ച്‌ ഒരു പുതുമുഖത്തെയെങ്കിലും പരിഗണിക്കണമെന്ന അനിവാര്യതയാണ് ചൂണ്ടി കാണിക്കുന്നത്.രാജ്യസഭയിലേക്ക്‌ പുതുമുഖം വന്നേ പറ്റൂ..

യു.ഡി.എഫ്‌ കണ്‍വീനര്‍..

അനാരോഗ്യം മൂലം വൈക്കം വിശ്വന്‍ സ്ഥാനം ഒഴിയുന്നതിന്റെ വാര്‍ത്തകള്‍ കണ്ടു .
പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫ് ന് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് നേതൃത്വം നല്‍കാനും , പ്രവര്‍ത്തകരെ സമരസജ്ജരക്കാനും പി.പി തങ്കച്ചന്‍ സാറിന്റെ ആരോഗ്യം അനുവദിക്കില്ലെന്ന് അദ്ദേഹത്തിനും പാര്‍ട്ടിക്കും നന്നായി അറിയാം .
എന്നിട്ടും അനുയോജ്യനായ ഒരാളെ ആ ചുമതല ഏല്‍പ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം കാണിക്കുന്ന അലംഭാവം യാതൊരു കാരണവശാലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല .

കെ പി സി സി യിലും യൂത്ത് കോണ്‍ഗ്രസിലും നല്ല മാറ്റങ്ങള്‍ ആസന്നമാണെന്ന് അറിയുന്നു .
വെല്ലുവിളികള്‍ ഉണ്ടാവുമ്ബോള്‍ തോറ്റോടുന്നവരല്ല പാര്‍ട്ടി നേതാക്കന്മാരും , പ്രവര്‍ത്തകരും . മറിച്ച്‌ അതിനെയെല്ലാം ക്രിയാത്മകമായി അതിജീവിക്കുന്നവരാണ്.

സൈബര്‍ സഹപ്രവര്‍ത്തകരോട് .
ഒരു ഉപ തെരഞ്ഞെടുപ്പ്‌ തോല്‍വി കൊണ്ട്‌ ലോകം അവസാനിക്കുകയാണെന്ന മട്ടില്‍ പെരുമാറരുത്‌
വിമര്‍ ശനങ്ങള്‍ ക്രിയാത്മകവും വസ്തുതാപരവുമായിരിക്കണം. നേതാക്കന്മാരെ തെറി വിളിക്കുമ്ബോള്‍ കിട്ടുന്ന ലൈക്കിലായിരിക്കരുത് കണ്ണ്. പാര്‍ട്ടി പദവിയിലിരിക്കുന്നവരുടെ ഫോട്ടോ വെച്ച്‌ അപഹസിക്കുന്നവര്‍ പാര്‍ട്ടിക്കു തന്നെ അവമതിപ്പുണ്ടാക്കിയെന്ന് തിരിച്ചറിയണം.പിറവവും അരുവിക്കരയും, നെയ്യാറ്റിന്‍കരയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ സൈബര്‍ സഖാക്കന്‍മാര്‍ ദാഹിച്ചത് പിണറായി വിജയന്റെ രക്തത്തിനല്ല .അവര്‍ അപ്പോഴും വേട്ടയാടിയിരുന്നത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നെന്ന് ഓര്‍മ്മിപ്പിക്കുന്നു.

അനിവാര്യമായ മാറ്റങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ തുടങ്ങണം.സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ..

Top