തിരഞ്ഞെടുപ്പിലുപയോഗിച്ച വിവിപാറ്റ് മെഷീനുകളിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചാണ് ചെന്നൈ ആസ്ഥാനമായ 'ടെക്ക് ഫോര്‍ ഓള്‍' സംഘടനയുടെ ഹര്‍ജി തള്ളിയത്.
'ചീഫ് ജസ്റ്റിസ് രഞ്‌ജന്‍ ഗൊഗോയ്‌യുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിഷയം പരിഗണിച്ച് ഹര്‍ജി തള്ളി ഉത്തരവിട്ടിട്ടുള്ളതാണ്. ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനെ മറികടക്കാനാകില്ല. ഇതു അസംബന്ധമാണ്. ഹര്‍ജി തള്ളുന്നു' ജസ്റ്റിസ് മിശ്ര പറഞ്ഞു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കളാണ് എണ്ണുന്ന വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണം 50 ശതമാനം ആക്കണമെന്ന പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ മേയ് ഏഴിന് കോടതി ഇതു തള്ളിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് പോളിങ് ബൂത്തിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി ഏപ്രില്‍ എട്ടിന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടിരുന്നു.