ആശങ്കകള്‍ക്കൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തര്‍ക്കത്തില്‍ ഇടപെട്ട് മുസ്‌ലിം ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തിയതിനു പിന്നാലെയാണ് നിര്‍ണായക തീരുമാനം.
ആരായാലും ജയിക്കും, മുരളിയായാല്‍ വിജയം അനായാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് മുരളീധരന്‍.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. എതിരാളി ആരെന്നത് പ്രശ്‌നമല്ല. ആശയപരമായ പോരാട്ടമാണ് ഇത്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ മല്‍സരിക്കാന്‍ കെപിസിസി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നതിനിടെയാണ് തീരുമാനം. ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ മല്‍സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചുനിന്നതോടെയാണ് മുരളീധരന്റെ പേര് നേതൃത്വം പരിഗണിച്ചത്.
മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരുടെ എണ്ണം ഒമ്പതായി. കോണ്‍ഗ്രസില്‍ നിന്നു മൂന്നും സിപിഎം,സിപിഐയില്‍ നിന്ന് ആറും എംഎല്‍എമാരാണ് മത്സര രംഗത്തുള്ളത്.