വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മല്‍സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനിശ്ചിതത്വം സൃഷ്‌ടിക്കുന്നു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ തീരുമാനമായില്ലെന്നും കേരളത്തിന്റെ വികാരം ഉള്‍ക്കൊള്ളുന്നതായും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം അടുത്ത യോഗത്തിനുശേഷമേ ഉണ്ടാവുകയുള്ളെന്നും സുര്‍ജേവാല വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍നിന്നു വയനാട് തിരഞ്ഞെടുത്ത് ലോക്‌സഭയിലേക്കു മല്‍സരിക്കണമെന്ന കേരള ഘടകം വന്‍ സമ്മര്‍ദ്ദമാണ് നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും വയനാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍നിന്നു മല്‍സരിക്കുന്ന കാര്യത്തെക്കുറിച്ചു രാഹുല്‍ ഗാന്ധി സംസാരിച്ചില്ല.
കേരളത്തിനുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ സഹായിക്കുമെന്ന് നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചതായാണ് സൂചന. അമേഠിയിലും വയനാട്ടിലും രാഹുല്‍ ജയിച്ചാല്‍ അമേഠി രാജിവച്ച് അവിടെ പ്രിയങ്കയെ മല്‍സരിപ്പിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.