സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടുക്കിയൊരു സംഭവമായിരുന്നു അന്ന് കൊച്ചിയില്‍ അരങ്ങേറിയത്. ആ സംഭവത്തിന് പിന്നാലെയായാണ് മലയാള സിനിമയ്ക്ക് പിന്നില്‍ അരങ്ങേറിയ പല മോശം കാര്യങ്ങളും പുറത്തുവന്നത്. ഹോളിവുഡ് ശൈലി പിന്തുടര്‍ന്ന് മീ ടൂ ക്യാംപയിനുകള്‍ മലയാളത്തിലും തംരഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മുകേഷിനെതിരെ മെറിന്‍ ജോസഫ് നടത്തിയ തുറന്നുപറച്ചിലും പുള്ളിക്കാരന്‍ സ്റ്റാറായുടെ ലൊക്കേഷനില്‍ വെച്ച് അര്‍ച്ചന പദ്മിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ദിലീപിനെ തിരികെ എഎംഎംഎയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ വിയോജിപ്പ് വ്യക്തമാക്കിയ വനിതാ താരങ്ങള്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ ചേര്‍ന്നാണ് അമ്മയ്ക്ക് കത്ത് നല്‍കിയത്.
വിദേശത്തുനിന്നും മോഹന്‍ലാല്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂയെന്നായിരുന്നു ആദ്യം പറഞ്ഞത്. അദ്ദേഹം തിരികെയെത്തിയതിന് ശേഷമാണ് നടികളെ വിളിച്ച് പ്രത്യേക യോഗം ചേര്‍ന്നത്. അന്നത്തെ യോഗത്തിലും ഈ വിഷയത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് വീണ്ടും കത്ത് നല്‍കിയിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വനിതാ സംഘടന പത്ര സമ്മേളനം വിളിച്ചത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്. ബാബുരാജ് നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന പറഞ്ഞിരുന്നതായും അത് തങ്ങളെ ഞെട്ടിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബാബുരാജെത്തിയത്.
ചൂടുവെള്ളത്തില്‍ വീണ പൂച്ച
അന്നത്തെ യോഗത്തില്‍ ആദ്യത്തെ 40 മിനിറ്റ് സമയം അവര്‍ തങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും ഇതുവരെ പങ്കെടുത്ത യോഗങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് സമയം നീട്ടുകയായിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ഇതല്ലല്ലോ വിഷയമെന്ന് തങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും അവരാരും അത് കേള്‍ക്കാന്‍ തയ്യാറായില്ലായിരുന്നു. അവള്‍ക്ക് പറയാനുള്ളതെന്ന് പറഞ്ഞ് ശബ്ദ സന്ദേശം കേള്‍പ്പിച്ചതിന് ശേഷം മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു. ആ യോഗത്തിനിടയിലായിരുന്നു ബാബുരാജ് നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിശേഷിപ്പിച്ചത്. ആ പ്രയോഗത്തില്‍ തങ്ങള്‍ ഞെട്ടിയിരുന്നുവെന്നും പാര്‍വതി പറഞ്ഞിരുന്നു.
അവളെ പിന്തുണച്ച് സംസാരിച്ചു
അന്നത്തെ യോഗത്തില്‍ നടിക്ക് അനുകൂലമായി സംസാരിച്ചയാളാണ് താന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവള്‍ക്ക് അനൂകുലമായാണ് താന്‍ സംസാരിച്ചത്. ആ കുട്ടിയെ ഞങ്ങളില്‍ നിന്നും അകറ്റുകയെന്ന ലക്ഷ്യമാണ് അവരുടേതെന്നും ബാബുരാജ് പറയുന്നു. ആ കുട്ടിയുമായി താന്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പാര്‍വതിക്ക് മനസ്സിലാവാത്തതാവാം
ഒരിക്കല്‍ അവളുമായി സംസാരിച്ചപ്പോള്‍ അവള്‍ പറഞ്ഞ കാര്യം വെച്ചാണ് താന്‍ അങ്ങനെ പറഞ്ഞത്. ആരെ വിശ്വസിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് താനെന്ന് അവള്‍ പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് പഴഞ്ചൊല്ലാണെന്നും പാര്‍വതിക്ക് അത് മനസ്സിലാവാത്തതിനാവാം അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. തന്റെ വാക്ക് തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദനയുണ്ട്. നടിയെ ബാബുരാജ് അധിക്ഷേപിച്ചതായി പാര്‍വതി പറഞ്ഞിരുന്നു.
നടിയെന്ന് വിളിച്ചാലെന്താ?
നടിയെ നടിയെന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്, തന്റെ ഭാര്യ ഒരു നടിയാണെന്നും തന്നെ എത്രയോ പേര്‍ നടിയുടെ ഭര്‍ത്താവെന്ന് വിളിക്കാറുള്ളതായും ബാബുരാജ് പറയുന്നു. ഡോക്ടറെ ഡോക്ടറെന്നും വക്കീലിനെ വക്കീലെന്നും വിളിക്കാറുണ്ട്. അതൊരു തൊഴിലിന്റെ ഭാഗമാണ്. എത്രയോ ദമ്ബതികള്‍ അന്യോന്യം മാഷേ, ടീച്ചറേയെന്നൊക്കെ വിളിക്കാറുണ്ട്. നടിയെന്ന് വിളിച്ചതില്‍ എന്താണ് തെറ്റെന്ന് തനിക്ക് മനസ്സിലായില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു മോഹന്‍ലാല്‍ നടിമാര്‍ എന്ന് സംബോധന ചെയ്തതെന്നും തങ്ങള്‍ക്ക് പേരില്ലേയെന്നുമായിരുന്നു രേവതി ചോദിച്ചത്.
മോഹന്‍ലാലിന് നേരെ മെക്കിട്ട് കയറുന്നു
സിനിമയില്‍ അവസരമില്ലാതെയിരിക്കുന്നവരാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത്. മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റായതിനാലാണ് അദ്ദേഹത്തിന് നേരെ ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹത്തിന് നേരെ മെക്കിട്ട് കേറാനുള്ള ഒരു ശ്രമവും ഇനി വിലപ്പോവില്ലെന്നും അത് തടയുമെന്നും അദ്ദേഹം പറയുന്നു. ഡബ്ലുസിസി ഓലപ്പാമ്ബ് കാണിച്ച് പേടിപ്പിക്കുകയാണ്. അമ്മയെ കുറ്റം പറയാനുള്ള അര്‍ഹത ഡബ്ലുസിസിക്ക് ഇല്ലെന്നും താരം പറയുന്നു.
ജനറല്‍ ബോഡിക്കേ അതിന് കഴിയൂ
കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ തിരിച്ചെടുത്തത്. ബൈ ലോ പ്രകാരം അടുത്ത ജനറല്‍ ബോഡിക്ക് മാേ്രത അത് തിരുത്താനാവൂ. മോഹന്‍ലാലിനോ ഇടവേള ബാബുവിനോ കഴിയുന്ന കാര്യമല്ല അത്. എന്നാല്‍ നേരത്തെ തിലകന്‍ ചേട്ടനെ പുറത്താക്കിയ സമയത്ത് ഇത്തരമൊരു ബൈലോയോ ജനറല്‍ ബോഡിയോ നടന്നിട്ടില്ലല്ലോയെന്ന് ഡബ്ലുസിസി അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തന്നെ ഈ സംഘടനയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നുവെന്നും പിന്നീട് തിരിച്ചെടുത്തതാണെന്നും അദ്ദേഹം പറയുന്നു.
ചങ്ക് കൊടുക്കും
ആദ്യ കത്ത് തന്നതിന് ശേഷമായിരുന്നു പ്രളയമുണ്ടായത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കാര്യത്തെക്കുറിച്ചോ ധനസമാഹരണത്തിനായി സ്‌റ്റേജ് ഷോ നടത്തുന്നതിനെക്കുറിച്ചോയൊന്നും അവര്‍ സംസാരിക്കാത്തതെന്താണെന്നും ബാബുരാജ് ചോദിക്കുന്നു. നടി തങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളാമെന്നും അവള്‍ക്ക് ചങ്ക് നല്‍കുമെന്നും അദ്ദേഹം പറയുന്നു.