തിരുവനന്തപുരം: വാട്സ്‌ആപ്പ് ഹര്‍ത്താലിന് പിന്നില്‍ നടന്നത് കൃത്യമായ ആസൂത്രണണെമെന്ന് സൂചന. ഹര്‍ത്താലിന് പരമാവധി പ്രചരണം നല്‍കുന്നതിന് എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഹര്‍ത്താലിന് 48 മണിക്കൂര്‍ മുന്‍പാണ് ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ഗ്രൂപ്പുകള്‍ തുടങ്ങിവച്ച ഹര്‍ത്താല്‍ ആഹ്വാനം എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു.
ഇതോടെ കൃത്യമായ ആസൂത്രണമാണ് ഹര്‍ത്താലിന്റെ മറവില്‍ നടന്നതെന്ന് വ്യക്തമാവുകയാണ്. വോയിസ് ഓഫ് ട്രൂത്ത് എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താല്‍ ആഹ്വാനം ആദ്യം പ്രചരിച്ചത്. ജില്ലാ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള നിരവധി ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ജില്ലാ ഗ്രൂപ്പുകള്‍ക്ക് പുറമെ പ്രാദേശിക തലത്തിലും വിവിധ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. തെന്‍മല സ്വദേശി അമര്‍നാഥ് ബൈജുവാണ് ഹര്‍ത്താലിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എംജെ സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനടക്കം ശ്രമം നടന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുന്നു. കത്വവ സംഭവത്തിന്റെ പേരില്‍ ആഹ്വാനം ചെയ്യപ്പെടുന്ന ഹര്‍ത്താല്‍ എതിര്‍ വിഭാഗം ഏറ്റെടുക്കുമെന്നും അതിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാമെന്നും പ്രചരണത്തിന് തുടക്കമിട്ടവര്‍ കരുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.