തൃശൂര്‍: മതം മാറി കല്യാണം കഴിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം വാട്ട്‌സാപ് ഗ്രൂപ്പില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കിയതായി പരാതി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ചേര്‍പ്പ് മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിനാണു മുത്തു എന്നറിയപ്പെടുന്ന നിഖിലിനെ ഗ്രൂപ്പ് അഡ്മിനായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീക്കം ചെയ്തതെന്നാണു പരാതി. തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും മുന്‍ ജനപ്രതിനിധികളും ഉള്‍പ്പെടെ അനാവശ്യമായി പോസ്റ്റുകളിടുകയാണെന്നും നിഖില്‍ പറയുന്നു. അതേസമയം നിഖിലിനു പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഗ്രൂപ്പില്‍ നിന്നു നീക്കം ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനു ശേഷമാണു സഭ്യമല്ലാത്ത ഭാഷയില്‍പ്പോലും പോസ്റ്റുകള്‍ വന്നു തുടങ്ങിയത്.പൂര്‍ണ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തതെന്നു വ്യക്തമാക്കി നിഖിലും ഭാര്യ മയൂഖയും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. മയൂഖ എന്‍ജിനീയറാണ്. രണ്ടു ബിരുദാനന്തര ബിരുദമുള്ള നിഖില്‍ പാറളം ഗ്രാമപഞ്ചായത്ത് അംഗവുമാണ്.
നിഖിലിനെ സഹായിക്കാനായി രംഗത്തുവരുമെന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്; ഗ്രൂപ്പിനതീതമായാണ് ഇക്കാര്യത്തില്‍ പിന്തുണ. പ്രാദേശിക നേതാക്കള്‍ക്കു സാമ്ബത്തികമായി സഹായങ്ങള്‍ നല്‍കുന്നവരുടെ ബന്ധുവാണ് പെണ്‍കുട്ടി. ഇതാണു നേതാക്കളെ പ്രകോപിപ്പിക്കാന്‍ കാരണമായതെന്നാണു സൂചന.